Connect with us

National

ഖേംകക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചു

Published

|

Last Updated

ചാണ്ഡിഗഢ്: ഹരിയാനയിലെ മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകക്കെതിരെ മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കി. യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളെ സംബന്ധിച്ച വിവരം പുറത്തുകൊണ്ടുവന്നത് ഖേംകയായിരുന്നു.
സര്‍വീസ് മേഖലയില്‍ ഖേംകക്ക് കനത്ത തിരിച്ചടിയാകും ഇത്. വദ്രയുടെ കമ്പനി സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയും റിയല്‍ എസ്റ്റേറ്റ് ഭീമനായ ഡി എല്‍ എഫും തമ്മില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന 58 കോടി രൂപയുടെ ഭൂമിയിടപാട് റദ്ദാക്കിയെന്നതാണ് ഖേംകക്കെതിരായ കുറ്റം. ഭരണപരമായ മോശം സ്വഭാവമാണ് ഇതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഇടപാട് റദ്ദാക്കിയതിന് പുറമെ ഹരിയാന, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ നാല് ജില്ലകളില്‍ നടന്ന ഭൂമിയിടപാടുകളെ സംബന്ധിച്ച് അന്വേഷിക്കാനും ഖേംക ഉത്തരവിട്ടിരുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഷനിലായതിന് ശേഷമാണ് ഖേംകയുടെ ഉത്തരവ് വന്നത്. 2012 ഒക്‌ടോബര്‍ 11നാണ് ഖേംകയെ സസ്‌പെന്‍ഡ് ചെയ്തത്. ഉത്തരവുകള്‍ വന്നത് 12നും 15നും ഇടക്കായിരുന്നു. ഉത്തരവിടുന്ന സമയത്ത് ഈ സ്ഥാനത്ത് താന്‍ തുടരുന്നുണ്ടായിരുന്നെന്നാണ് ഖേംകയുടെ നിലപാട്. സര്‍വീസ് നിയമം ലംഘിച്ച് മാധ്യമങ്ങളുമായി സംസാരിച്ചതിനും സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതിനും ഖേംകക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വദ്രയുടെ ഭൂമിയിടപാട് തട്ടിപ്പുകള്‍ വെളിച്ചത്തായ സമയത്തായിരുന്നു ഈ അഭിമുഖങ്ങള്‍. ഖേംക ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷിക്കുന്നതിന് കമ്മിറ്റിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമിച്ചിരുന്നു.