Connect with us

National

ഹിന്‍ഡാല്‍കൊ ഓഫീസില്‍ നിന്ന് 25 കോടി രൂപ പിടികൂടി

Published

|

Last Updated

ന്യുഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതികേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഹിന്‍ഡാല്‍കൊ ഇന്‍ഡസ്ട്രീസിന്റെ ഓഫീസില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ സി ബി ഐ കണക്കില്‍ പെടാത്ത 25 കോടി രൂപ കണ്ടെടുത്തു. എന്നാല്‍, ഈ വാര്‍ത്ത ഹിന്‍ഡാല്‍കോ വക്താവ് നിഷേധിച്ചു.
എട്ട് വര്‍ഷം മുമ്പ് ഒഡീഷയിലെ തലബിര-11, തലബീര-111 എന്നീ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിലാണ് അഴിമതി നടന്നത്. കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പി സി പരേഖ്, ആദിത്യ ബിര്‍ളാ ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ള, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത ഉടനെ ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളിലെ ആറ് സ്ഥലങ്ങളില്‍ സി ബി ഐ മിന്നല്‍ പരിശോധന നടത്തിയിരുന്നു.
ഡല്‍ഹിയില്‍ പാര്‍ലിമെന്റ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലെ നാലാം നിലയിലുള്ള യൂകോ ബേങ്കിന്റെ ഓഫീസില്‍ നിന്ന് കണക്കില്‍ പെടാത്ത 25 കോടി രൂപയും വ്യാജ രേഖകളും സി ബി ഐ അധികൃതര്‍ കണ്ടെടുത്തിരുന്നു. പണം കണ്ടെടുത്ത വിവരം ആദായ നികുതി വകുപ്പിനെ സി ബി ഐ അറിയിച്ചിട്ടുണ്ട്. കല്‍ക്കരിപ്പാടം അനുവദിക്കുന്നതില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി പരേഖ്, ബിര്‍ളാ സ്ഥാപനത്തിന് അവിഹിതമായി ഏറെ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതായി സി ബി ഐ സമര്‍പ്പിച്ച എഫ് ഐ ആറില്‍ പറഞ്ഞിട്ടുണ്ട്. ഈ കേസന്വേഷണം സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്്. പുതിയ സംഭവവികാസങ്ങള്‍ ഒക്‌ടോബര്‍ 25ന് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുന്ന തത്സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നും സി ബി ഐ വക്താവ് അറിയിച്ചു.

Latest