Connect with us

Malappuram

ഉപയോഗ ശൂന്യമായ വസ്തുക്കളെ പഠനോപകരണമാക്കി സലീം മാസ്റ്റര്‍

Published

|

Last Updated

അരീക്കോട്: ഉപയോഗശൂന്യമായ ഏതൊരു വസ്തുവും പഠനോപകരണമാക്കി മാറ്റുകയാണ് ഊര്‍ങ്ങാട്ടീരി തെരട്ടമ്മല്‍ എ എം യു പി സ്‌കൂളിലെ ശാസ്ത്ര അധ്യാപകനായ സലീം വലിയപറമ്പ്.
മാജിക്കിന്റെ സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി വിലപിടിപ്പുള്ള ലാബ് ഉപകരണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ എഴുപതോളം ശാസ്ത്രപരീക്ഷണങ്ങള്‍ ഇതിനകം കുട്ടികള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു കഴിഞ്ഞു. സ്‌കൂള്‍ ശാസ്ത്ര ലാബുകളിലുള്ള പരീക്ഷണ ഉപകരണങ്ങള്‍ വിലപിടിപ്പുള്ളവയും കുട്ടികള്‍ക്ക് സ്വയം കൈകാര്യം ചെയ്യാന്‍ പ്രയാസകരവും ചിലതെല്ലാം അപകടസാധ്യതയുള്ളവയുമായതിനാല്‍ ഇതിനൊരു പരിഹാരം എന്ന നിലക്കാണ് ഇത്തരമൊരു ആശയത്തെ കുറിച്ച് ചിന്തിച്ചതെന്നാണ് സലീം മാഷ് പറയുന്നത്.
സ്‌കൂളില്‍ നിന്ന് പഠിച്ച ശാസ്ത്ര തത്വങ്ങള്‍ വീട്ടില്‍ വെച്ച് പരീക്ഷിച്ചു നോക്കുന്നതിനും ആഴത്തിലുള്ള പഠിനത്തിനും വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രചോദനമാകുന്നുണ്ട്. ടി ടി ഐ കമ്മ്യൂണിറ്റി ലിവിംഗ് ക്യാമ്പുകളിലും ഇത്തരം ലഘു പരീക്ഷണങ്ങള്‍ നടത്താറുണ്ട്്. ശാസ്ത്ര പരീക്ഷണങ്ങള്‍ ആവശ്യാനുസരണം മറ്റു വിദ്യാലയങ്ങളില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ഗുണമേന്‍മ ലക്ഷ്യം വെച്ച് രൂപീകരിച്ച അക്കാഡമിക് റിസര്‍ച്ച് ഗ്രൂപ്പിന്റെ അരീക്കോട് (അര്‍ഗ) എന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഇത് സാധ്യാമാക്കുന്നത്. അര്‍ഗയുടെ ഡയറക്ടര്‍ കൂടിയാണ് സലീം വലിയപറമ്പ്. വിദ്യാഭ്യാസ സംബന്ധിയായ ഡോക്യുമെന്ററികള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മലപ്പുറം എസ് എസ് എ പുറത്തിറക്കിയ തണല്‍, അരീക്കോട് ബിആര്‍സിയുടെ കൈത്താങ്ങ്, വിവിധ സ്‌കൂളുകള്‍ പുറത്തിറക്കിയ കനവ്, കാക്കപ്പൊന്ന്, ബഷീറിലൂടെ, പൊരുള്‍ തേടി എന്നിവ ഇവയില്‍ ചിലതു മാത്രം.