Connect with us

Ongoing News

ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

Published

|

Last Updated

തിരുവനന്തപുരം: അറിവിന്റെ മധുരം നുണഞ്ഞ് ആയിരക്കണക്കിന് കുരുന്നുകള്‍ അക്ഷര മുറ്റത്തേക്ക് പിച്ചവെച്ചു. സംസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ക്കായി വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. എഴുത്ത് മാത്രമല്ല നൃത്തം, സംഗീതം, ചിത്രകല തുടങ്ങി എല്ലാ കലാരൂപങ്ങള്‍ക്കും കുരുന്നുകള്‍ തുടക്കം കുറിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമാണ് പ്രധാനമായും എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നത്. കേരളത്തില്‍ ചോറ്റാനിക്കര ദേവീക്ഷേത്രം, കോട്ടയം പനച്ചിക്കാട് ദേവീക്ഷേത്രം, ദക്ഷിണ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു.
കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ കാല്‍ ലക്ഷത്തോളം കുട്ടികളാണ് അറിവിന്റെ ലോകത്തേക്ക് പിച്ചവെച്ചത്. കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് സാധാരണയായി എഴുത്തിനിരുത്തല്‍ നടത്താറുള്ള സരസ്വതീമണ്ഡപത്തിന് സമീപത്തായി ക്രമീകരിച്ച ഹാളിലാണ് ഇക്കുറി കുട്ടികളെ എഴുത്തിനിരുത്തിയത്. ഇതാദ്യമായിട്ടാണ് ക്ഷേത്രത്തിലെ വിദ്യാരംഭം പൂര്‍ണമായും സരസ്വതീമണ്ഡപത്തിന് പുറത്ത് നടത്തുന്നത്.
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തില്‍ ആയിരങ്ങളാണ് ആദ്യാക്ഷരം കുറിക്കാനെത്തിയത്. വിദ്യാമണ്ഡപത്തില്‍ ഗുരുശ്രേഷ്ഠന്‍മാര്‍ കുരുന്നുകളുടെ കൈപിടിച്ച് അക്ഷരമെഴുതിച്ചു. പുലര്‍ച്ചെ പൂജയെടുപ്പിന് ശേഷമായിരുന്നു ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചത്. മലപ്പുറം തിരൂര്‍ തുഞ്ചന്‍ സന്നിധിയിലും ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു. തുഞ്ചന്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍നായര്‍ തുഞ്ചന്‍ സ്മാരക ഓഡിറ്റോറിയത്തിലാണ് ഹരിശ്രീ കുറിപ്പിച്ചത്. എം ടിയില്‍ നിന്ന് ഹരിശ്രീ കുറിക്കാന്‍ ജനം തിരക്ക്കൂട്ടുകയായിരുന്നു.
എഴുത്തുകാരും കവികളുമായ ആലങ്കോട് ലീലാകൃഷ്ണന്‍, മണമ്പൂര്‍ രാജന്‍ബാബു, പി കെ ഗോപി, കെ പി രാമനുണ്ണി, വെങ്കിടേശ്വരന്‍, ഐസക്ക് ഈപ്പന്‍, എ സഹദേവന്‍, കാനേഷ് പുനൂര്, പുനൂര്‍ കെ കരുണാകരന്‍, ജി കെ രാംമോഹന്‍, ആനന്ദ് ഗോപാലം, വിജു നായരങ്ങാടി, രാധാമണി അയിങ്കലത്ത് എന്നിവരും കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്‍മാരായ പ്രശോഭ് പണിക്കര്‍, മുരളി വഴുതക്കാട് എന്നിവരും വിദ്യാരംഭത്തിനു നേതൃത്വം നല്‍കി. തുഞ്ചന്‍പറമ്പിലെ പ്രസിദ്ധമായ കാഞ്ഞിരമരച്ചുവട്ടിലെ മണലില്‍ വിരല്‍കൊണ്ട് അക്ഷരം എഴുതാനും ഏറെ തിരക്കനുഭവപ്പെട്ടു. തിരൂര്‍ ജെ സി ഐ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സൗജന്യ പാല്‍ വിതരണവും ഉണ്ടായിരുന്നു.
തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും മുന്‍ ഓംബുഡ്‌സ്മാനുമായ ഡോ. ഡി ബാബു പോള്‍ കുഞ്ഞുങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കി. സംസ്ഥാനത്തെ മറ്റു ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നിരുന്നു. തിരക്കുള്ള ക്ഷേത്രങ്ങളില്‍ വൈകുന്നേരവും വിദ്യാരംഭത്തിന് അവസരമൊരുക്കിയിരുന്നു. സരസ്വതി ക്ഷേത്രങ്ങളിലാണ് വിദ്യാരംഭത്തിന് പ്രാധാന്യമെങ്കിലും എല്ലാ ക്ഷേത്രങ്ങളിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ നടത്തി. പ്രമുഖരായ എല്ലാ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക നായകന്‍മാരും വിവിധയിടങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് അറിവ് പകരാനെത്തിയിരുന്നു. ഉച്ചയോടുകൂടിയാണ് വിദ്യാരംഭ ചടങ്ങുകള്‍ അവസാനിച്ചത്.