Connect with us

Kerala

വേണ്ടത് യുക്തമായ തീരുമാനവും ശാശ്വത പരിഹാരവും

Published

|

Last Updated

മലപ്പുറത്ത് നിന്ന് അതിരാവിലെ ഊട്ടിയിലേക്ക് സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഡീലക്‌സ് ബസ് നിരവധി തവണ ജപ്തി നടപടി നേരിട്ടിട്ടുണ്ട്. എത്ര തവണയാണെന്ന് ഉദ്യോഗസ്ഥര്‍ക്ക്‌പോലും അത്ര കൃത്യമായി അറിയില്ല. പ്രതിദിനം ഇരുപതിനായിരം രൂപ വരെ കളക്ഷന്‍ നേടുന്നതാണ് മലപ്പുറം ഊട്ടി സര്‍വീസ്. കഴിഞ്ഞ ദിവസവും മഞ്ചേരി എം എ സി ടി ജഡ്ജിയുടെ ഉത്തരവനുസരിച്ച് ബസ് ജപ്തി ചെയ്തിരുന്നു. മൂന്ന് വാഹനാപകട കേസുകളില്‍ 2007 ഡിസംബര്‍ 18ന് മഞ്ചേരി എം എ സി ടി ജഡ്ജി പി എസ് വാസു വിധിച്ച 15,376 രൂപ നഷ്ടപരിഹാരം അടക്കാത്തതിനാലാണ് കഴിഞ്ഞ ആഴ്ച ബസ് ജപ്തി ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. കെ എസ് ആര്‍ ടി സി മലപ്പുറം ഡിപ്പോ എ ടി ഒ പണമടച്ച് ബസിറക്കി കൊണ്ടുപോയപ്പോഴേക്കും മൂന്ന് ദിവസത്തെ കളക്ഷനാണ് കെ എസ് ആര്‍ ടി സിക്ക് നഷ്ടമായത്. അതായത് 15,376 രൂപ നഷ്ടപരിഹാര തുക അടക്കാത്തതിനാല്‍ അറുപതിനായിരം രൂപ കോര്‍പറേഷന്‍ നഷ്ടപ്പെടുത്തി.
സാമാന്യം മികച്ച കളക്ഷന്‍ നേടുന്ന റൂട്ടിലെ ബസുകളാണ് ജപ്തി നടപടിക്ക് വിധേയമാക്കുക എന്നതിനാല്‍ മലപ്പുറം ഊട്ടി റൂട്ടിലെ ഈ ബസ് ഇടക്കിടക്ക് കോടതി കയറുന്നത് പതിവാണ്. കോടതി നടപടിയായതിനാല്‍ നഷ്ടപരിഹാര തുക അടക്കേണ്ടി വരുമെന്നത് ഉറപ്പാണ്. അത് കൃത്യമായി അടക്കാനും മറ്റും സംവിധാനം ഉണ്ടായിരുന്നെങ്കില്‍ ഈ നഷ്ടം ഇടക്കിടക്ക് കെ എസ് ആര്‍ ടി സി താങ്ങേണ്ടി വരുമായിരുന്നില്ല. മുകളിലേക്ക് വിവരം നല്‍കിയിട്ടുണ്ടെന്നാണ് ഡിപ്പോയില്‍ നിന്നുള്ള ഇത്തരം സമയങ്ങളിലുള്ള മറുപടി. വേണ്ടത് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് മുകളില്‍ നിന്നുള്ള മറുപടി. സത്യത്തില്‍ ആരാണാവോ ഈ വീഴ്ചകള്‍ക്ക് ഉത്തരവാദി. ഇത്രയും നഷ്ടം സഹിച്ച് ഇവരെയൊക്കെ സഹിക്കുന്ന പൊതുജനമോ..? കെ എസ് ആര്‍ ടി സിക്ക് ചെറുതും വലുതുമായ നഷ്ടങ്ങളുണ്ടാക്കുന്ന സംഭവങ്ങളില്‍ ഒന്ന് മാത്രമാണിത്. ഇത്തരം സംഭവങ്ങള്‍ നിയന്ത്രിക്കാനും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. യൂനിയന്‍ നേതാക്കളുടെ ഭീഷണിയോ അവരെ സഹായിക്കുന്ന രാഷ്ട്രീയക്കാരുടെ കണ്ണുരുട്ടലോ അധികൃതര്‍ കാണരുത്. കെ വി സുരേന്ദ്രനാഥും പട്ടം താണുപിള്ളയും പോലുള്ള ആദ്യകാല യൂിയന്‍ നേതാക്കള്‍ പൊതുമേഖലയുടെ സംരക്ഷണത്തിനായി നിലകൊണ്ടവരായിരുന്നു. 1947 ലാണ് ശമ്പളഘടന നിര്‍ണയിച്ചു നല്‍കാന്‍ കെ എസ് ആര്‍ ടി സിയില്‍ ആദ്യതൊഴില്‍ സമരം നടക്കുന്നത്. പിന്നീട് സമരങ്ങളുടെ പരമ്പരയായിരുന്നു. എല്ലാം തൊഴിലാളികള്‍ക്ക് വേണ്ടി. അങ്ങിനെ സമരങ്ങളും സമ്മര്‍ദങ്ങളുമായി കെ എസ് ആര്‍ ടി സിക്ക് താങ്ങാനാകാത്തതെല്ലാം അവര്‍ നേടിയെടുത്തു. പെന്‍ഷന്‍ നല്‍കുന്ന ഏക ഗതാഗത കോര്‍പറേഷന്‍ കെ എസ് ആര്‍ ടി സിയാണെന്നത് ഈ സമ്മര്‍ദ തന്ത്രങ്ങളുടെ തെളിവാണ്. എന്നിട്ടും എന്തുകൊണ്ട് ഇവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ലെന്നതാണ് ചോദ്യം.
2011, 12 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് കെ എസ് ആര്‍ ടി സിയുടെ കടം പലിശ ഉള്‍പ്പെടുത്താതെ 1230 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പലിശയും ചേര്‍ത്താല്‍ പൊതുകടം 1300 കോടിയിലധികമാകും. 2012 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് കെ ടി ഡി എഫ് സിക്ക് നല്‍കാനുള്ളത് 440 കോടി രൂപയാണ്. ഹഡ്‌കോക്ക് നല്‍കാനുള്ളത് 108 കോടി രൂപയും എല്‍ ഐ സിക്ക് 65 കോടി രൂപയുമാണ് കെ എസ് ആര്‍ ടി സി നല്‍കാനുള്ളത്. ഇതില്‍ കെ ടി ഡി എഫ് സിയില്‍നിന്നെടുത്ത വായ്പയാണ് വലിയ ബാധ്യതയാകുന്നത്. കെ എസ് ആര്‍ ടി സിയുടെ ആസ്തിയുടെ ഈടിന്‍മേല്‍ എടുത്ത കടം തിരിച്ചടക്കാനാകാത്തതിനാല്‍ സാങ്കേതികമായി പല ഡിപ്പോകളും കെ ടി ഡി എഫ് സിയുടെ നിയന്ത്രണത്തിലേക്ക് വരുന്ന അവസ്ഥയാണുള്ളത്. ഇത് കാലാകാലങ്ങളിലായി കെ എസ് ആര്‍ ടി സിയുടെ തലപ്പത്ത് വന്നവര്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ആസ്തി പണയപ്പെടുത്തിയെടുത്ത ലോണ്‍ തിരിച്ചടക്കാന്‍ കഴിയില്ലെങ്കില്‍ കടത്തിനായി മറ്റു ഏജന്‍സികളെ ആശ്രയിക്കേണ്ടിയിരുന്നു. ഓരോ വര്‍ഷവും സര്‍ക്കാര്‍ 100 കോടിയിലധികം രൂപ ലോണ്‍ അനുവദിക്കാറുണ്ടെങ്കിലും തിരിച്ചടക്കാറില്ല. 2007 ല്‍ 826 കോടി രൂപയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ എഴുതി തള്ളിയത്. ഇതേ ലാഘവത്തോടെ കെ ടി ഡി എഫ് സിയില്‍ നിന്നെടുത്ത വായ്പയേയും ബന്ധപ്പെട്ടവര്‍ കണ്ടതാണ് കടബാധ്യത വര്‍ധിക്കാന്‍ പ്രധാന കാരണമായത്.
പ്രതിമാസം 50 കോടിയോളം രൂപ ലോണ്‍ എടുത്താല്‍ മാത്രമെ നിലവില്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കാനാകൂ എന്ന അവസ്ഥയാണുള്ളത്. ഇതിന് മാറ്റം വരുത്തിയാലേ കെ എസ് ആര്‍ ടി സിയെ രക്ഷപ്പെടുത്താനാകൂ. അഴിമതിക്ക് കളമൊരുക്കുന്ന പുതിയ പരീക്ഷണങ്ങള്‍ക്ക് പകരം എല്ലാ കാലത്തും സര്‍ക്കാറുകള്‍ക്ക് ബാധ്യതയാകുന്ന കോര്‍പറേഷനെ സ്വന്തം കാലില്‍ നിര്‍ത്താനുള്ള നടപടികളാണ് വേണ്ടത്. ലാഭകരമായ റൂട്ടുകളും കോര്‍പറേഷന്റെ മറ്റു ആസ്തികളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നതാണ് പ്രധാനമായി ഉയരുന്ന നിര്‍ദേശം. തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ നിന്നും പരീക്ഷണാര്‍ത്ഥം മറ്റു നഗരങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന ലോ ഫ്‌ളോര്‍ ബസുകള്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയിരുന്നു. തിരുവനന്തപുരം, കൊച്ചി മേയര്‍മാരുടെ കുത്തിയിരിപ്പും ശക്തമായ പ്രതിഷേധവും വകവെക്കാതെ ലോ ഫ്‌ളോര്‍ ബസുകള്‍ കോര്‍പറേഷന്‍ പരിധി വിട്ട് ഇത്തരത്തില്‍ ദീര്‍ഘദൂര സര്‍വീസ് നടത്താന്‍ പ്രേരിപ്പിച്ചത് കെ എസ് ആര്‍ ടി സി നേടിയ റെക്കോര്‍ഡ് കളക്ഷന്‍ തന്നെയായിരുന്നു. മെച്ചപ്പെട്ട സേവനം നല്‍കിയാന്‍ ആനവണ്ടിയെ ജനം സ്വീകരിക്കുമെന്നതിന്റെ തെളിവായിരുന്നു ഇത്. വഴിപാടു പോലെ 5555 സര്‍വീസുകള്‍ ദിവസവും 15 ലക്ഷത്തോളം കീലോമീറ്റര്‍ ഓടി തീര്‍ക്കുന്നതിന് പകരം ജനങ്ങളുടെ സൗകര്യത്തിനും താത്പര്യത്തിനുമനുസരിച്ചുള്ള സര്‍വീസുകള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറായാല്‍ കെ എസ് ആര്‍ ടി സിയുടെ കണക്കുപുസ്തകത്തില്‍ നഷ്ടം കുറഞ്ഞുവരുമെന്നുറപ്പാണ്. റൂട്ടുകള്‍ക്കും സര്‍വീസുകള്‍ക്കും പുറമെ മറ്റു വഴികളും കെ എസ് ആര്‍ ടി സി കണ്ടെത്തണം. കേരളത്തിലെ നഗരങ്ങളില്‍ കണ്ണായ ഭാഗങ്ങളിലെല്ലാം കെ എസ് ആര്‍ ടി സിക്ക് ഡിപ്പോകളും സ്ഥലങ്ങളും ഉണ്ട്. ഇവിടങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പെടെ പണിത് സാമ്പത്തിക ഭദ്രത നേടാന്‍ കോര്‍പ്പറേഷന്‍ ശ്രമിക്കണമെന്നത് വര്‍ഷങ്ങളായുള്ള നിര്‍ദേശമായിരുന്നു. ഈ നിര്‍ദേശം പരിഗണിച്ച് പണി തുടങ്ങിയ സ്ഥലങ്ങളില്‍ തന്നെ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇത് പൂര്‍ത്തീകരിക്കാനായിട്ടില്ല.
ബംഗളൂര്‍ മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സംയുക്തമായി കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാറിന്റെ ഖജനാവില്‍ 110.35 കോടി രൂപ എത്തിച്ചത് ഇത്തരം ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ്. ബംഗളൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനടുത്ത് ദേവനഹള്ളിയില്‍ ഇത്തരത്തിലുള്ള പുതിയ മാള്‍ പണിയാന്‍ കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ തീരൂമാനിച്ചതും ഇതിന്റെ ഭാഗമാണ്.
ഇത്തരം നല്ല തീരുമാനങ്ങള്‍ പിന്തുടരാന്‍ കെ എസ് ആര്‍ ടി സിയും തയ്യാറാകണം. ഡീസല്‍ വില വര്‍ധന ഇങ്ങിനെ തുടര്‍ന്നാല്‍ കെ എസ് ആര്‍ ടി സി തനിയെ നിന്നുപോകുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ഇനിയും വിശ്വസിക്കാന്‍ മലയാളിക്കായിട്ടില്ല. പ്രതിസന്ധി പരിധി വിടുമ്പോള്‍ മാത്രം കെ എസ് ആര്‍ ടി സിയെ കുറിച്ച് ചിന്തിക്കുന്നതിന് പകരം ശാശ്വതമായ പരിഹാരത്തിനായി ബന്ധപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ മലയാളി കണ്ടു ശീലിച്ച ആന വണ്ടികള്‍ നമ്മുടെ നിരത്തുകളില്‍ നിന്ന് എന്നന്നേക്കുമായി ഓടി മറയുമെന്നുറപ്പാണ്.

Latest