Connect with us

National

ക്യാമ്പില്‍ ഭക്ഷണമില്ല; നവീന്‍ പട്‌നായികിന്റെ വാഹനം ഗ്രാമീണര്‍ തടഞ്ഞു

Published

|

Last Updated

ബെഹ്‌റാംപൂര്‍: ഒഡീഷയില്‍ ഫായ്‌ലിന്‍ കൊടുങ്കാറ്റ് ദുരന്തം വിതച്ച തീരദേശ മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെ ഔദ്യോഗിക വാഹനവ്യൂഹം ഗ്രാമീണര്‍ തടഞ്ഞു. അഗസ്തിനൗഗാവ് ഗ്രാമത്തില്‍ അമ്പതോളം പേര്‍ റോഡില്‍ വിറകുകളും കാറ്റില്‍ കടപുഴകിയ മരങ്ങളും ഇട്ട് മുഖ്യമന്ത്രിയുടെ യാത്ര തടയുകയായിരുന്നു. ഗംഗ്ജം റേഞ്ച് ഡി ഐ ജിയുടെതടക്കം പത്ത് വാഹനങ്ങളാണ് മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്. മുഖ്യമന്ത്രയുടെതടക്കം അഞ്ച് വാഹനങ്ങള്‍ക്ക് പിന്നീട് പോകാനായി.
അഗസ്തിനൗഗാവ് ഗ്രാമത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാതെ പോയതിനെ തുടര്‍ന്നാണ് ഗ്രാമീണര്‍ രോഷാകുലരായത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ മതിയായ ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നില്ലെന്ന് ഗ്രാമീണര്‍ പറഞ്ഞു. ഗ്രാമീണരുടെ ആശങ്കകളും ദുഃഖങ്ങളും മനസ്സിലാക്കുകയാണെന്നും അവരെ സഹായിക്കുമെന്നും ഡി ഐ ജി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ബംഘാപള്ളിയിലെ ക്യാമ്പ് സന്ദര്‍ശിച്ചപ്പോഴും മുഖ്യമന്ത്രിക്ക് നേരെ രോഷപ്രകടനം നടന്നിരുന്നു. ഇവിടെയും ഭക്ഷണവും വെള്ളവും ഇല്ലാത്തതിനാലാണ് ഗ്രാമീണര്‍ പ്രതിഷേധിച്ചത്. നളൈനൗഗാവിലെ ക്യാമ്പും പട്‌നായിക് സന്ദര്‍ശിച്ചിരുന്നു. ഗംഗ്ജം, ബെഹ്‌റാംപൂര്‍, ഗോപാല്‍പൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടിരുന്നു.
പ്രതിഷേധം തണുപ്പിക്കാന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ബെഹ്‌റാംപൂര്‍ എം പി സാന്ത് മഹാപാത്ര പിന്നീട് തിരിച്ചുവന്നു. അദ്ദേഹം ഗ്രാമീണരുമായി സംസാരിച്ചു. എല്ലാ അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെ എത്തുമെന്നും അദ്ദേഹം അറിയിച്ചു. സന്ദര്‍ശനം പൂര്‍ത്തിയാക്കി പട്‌നായിക് ഭുവനേശ്വറിലേക്ക് പോയി.