Connect with us

Gulf

മനുഷ്യ മഹാസാഗരമായി അറഫാ മൈതാനം

Published

|

Last Updated

മിനയില്‍ നിന്ന് അറഫയിലേക്ക് നീങ്ങുന്ന ഹാജിമാര്‍

മക്ക:  ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്… അല്ലാഹുവിന്റെ അതിഥികളായി എത്തിയ വിശ്വാസി വൃന്ദത്തെക്കൊണ്ട് അറഫാ താഴ്‌വാരം മനുഷ്യ മഹാസാഗരമായി മാറി. കറുത്തവനും വെളുത്തവനും, ദരിദ്രനും സമ്പന്നനും ചെറിയവനും വലിയവനും എല്ലാം തോളോട് തോള്‍ ചേര്‍ന്ന് അറഫാ മൈതാനിയില്‍ പ്രാര്‍ഥനയില്‍ കഴിയുകയാണ്. ഇത്തവണ 20 ലക്ഷം തീര്‍ഥാടകരാണ് അറഫാ മൈതാനിയില്‍ സംഗമിച്ചിരിക്കുന്നത്.

തിങ്കളാഴ്ച സന്ധ്യവരെ ദിക്‌റുകളും പ്രാര്‍ഥനകളുമായി തീര്‍ഥാടകര്‍ അറഫയില്‍ കഴിച്ചുകൂട്ടും. ളുഹര്‍ നിസ്‌ക്കാര സമയത്ത് അറഫയിലെ നമിറ പള്ളിയില്‍ പ്രവാചകന്റെ ഹജ്ജ്പ്രസംഗം അനുസ്മരിപ്പിച്ച് ഇമാം പ്രഭാഷണം നിര്‍വഹിക്കും.

തുടര്‍ന്ന് ളുഹറ്, അസറ് നമസ്‌കാരം ഒന്നിച്ച് സംഘടിതമായി നിര്‍വഹിക്കുന്ന തീര്‍ഥാടകര്‍ അസ്തമയശേഷം മുസ്ദലിഫയിലേക്ക് രാപാര്‍പ്പിന് നീങ്ങും. ചൊവ്വാഴ്ച ബലികര്‍മവും ജംറയിലെ ആദ്യ കല്ലേറും കഴിയുന്നതോടെ ഹജ്ജിന്റെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.

ഈ സീസണിലെ ഏറ്റവും നല്ല കാലാവസ്ഥയാണ് മക്കയിലും മിനായിലും അനുഭവപ്പെടുന്നത്. ഇടക്കു പെയ്യുന്ന ചാറ്റല്‍ മഴയും തണുത്ത കാറ്റും തീര്‍ഥാടകരെ ആനന്ദിപ്പിക്കുന്നു. പ്രായം ചെന്ന തീര്‍ഥാടകര്‍ക്ക് അനുഗൃഹീതമാണ് നിലവിലെ കാലാവസ്ഥ.