Connect with us

Kozhikode

മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Published

|

Last Updated

വടകര: തുറമുഖ വകുപ്പിന് കീഴിലുള്ള കോട്ടപ്പുഴ അഴിമുഖത്ത് നിന്നുള്ള മണല്‍വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. കോട്ടപ്പുഴ അഴിമുഖത്ത് നിന്ന് മണല്‍വാരി കോട്ടക്കല്‍, കുട്ട്യാലി, കറുക, കക്കട്ടിയില്‍ എന്നീ കടവുകളിലൂടെ വടകര ഫോര്‍ട്ട് മാന്വല്‍ ഡ്രഡ്ജിംഗ് വര്‍ക്കേഴ്‌സ് കോ-ഓപറേറ്റീവ് സൊസൈറ്റി വിതരണം ചെയ്ത് വന്നിരുന്ന മണല്‍ വിതരണം നിലച്ചിട്ട് ഒരു മാസം പിന്നിടുന്നു.
ദിനംപ്രതി 115 ലോഡ് മണലാണ് നാല് കടവുകളില്‍ നിന്നായി വിതരണം ചെയ്തുവന്നിരുന്നത്. മണല്‍ വാരല്‍ പുനരാരംഭിക്കാന്‍ വൈകുന്നത് അക്ഷയ കേന്ദ്രങ്ങള്‍ വഴി മണലിന് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് തുറമുഖ മന്ത്രി, തുറുമുഖ ഡയറക്ടര്‍ എന്നിവര്‍ക്ക് സൊസൈറ്റി ഭാരവാഹികള്‍ നിവേദനം നല്‍കിയിട്ടുണ്ട്. പ്രതിഷേധ സൂചകമായി ഈ മാസം 17ന് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ മോട്ടോര്‍ തൊഴിലാളികളും കുടുംബാംഗങ്ങളും വടകര താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എന്‍ എ അമീര്‍ അധ്യക്ഷത വഹിച്ചു. കെ കെ മമ്മു, കെ പി രാമചന്ദ്രന്‍, കെ രാജു (സി ഐ ടി യു), വി കെ പ്രകാശന്‍, കുന്നോത്ത് വിനോദന്‍, ഇ വിനീത്കുമാര്‍ (ഐ എന്‍ ടി യു സി), എ നളിനാക്ഷന്‍, കെ മനോഹരന്‍ (ബി എം എസ്), വിനോദ് ചെറിയത്ത്, കെ പ്രകാശന്‍ (എച്ച് എം എസ്), മീനത്ത് മൊയ്തു, വി കെ നിസാര്‍ (എസ് ടി യു), കെ കെ മനോജ് പ്രസംഗിച്ചു.