Connect with us

National

മുസാഫര്‍നഗര്‍ കലുഷിതമാക്കാന്‍ വീണ്ടും ആസൂത്രിത നീക്കം

Published

|

Last Updated

ലക്‌നോ: കഴിഞ്ഞ മാസം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടന്ന ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറിലും സമീപ ജില്ലയിലും വീണ്ടു സംഘര്‍ഷം ഉരുണ്ടുകൂടുന്നു. സംഘര്‍ഷത്തിന് ആസൂത്രിത നീക്കമാണ് നടക്കുന്നത്. മുസാഫര്‍നഗറിന്റെ സമീപ ജില്ലയായ കവാലിലെ രാംലീല മേഖലയില്‍ കഴിഞ്ഞ ദിവസം രാത്രി അജ്ഞാതര്‍ കല്ലേറ് നടത്തി. രാംലീലയില്‍ അര്‍ധരാത്രിയോടെ ഒരു പരിപാടിക്ക് നേരെയാണ് കല്ലേറ് നടന്നത്. രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു.
പ്രദേശവാസിയായ സത്ബീറിന്റെ ഭാര്യ സവിതക്കാണ് പരുക്കേറ്റത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് ഇവര്‍ക്ക് ഏറ് കൊണ്ടത്. തിക്കിലും തിരക്കിലും പെട്ടാണ് രണ്ടാമത്തെ സ്ത്രീക്ക് പരുക്കേറ്റത്. ഇരുവരും മുസാഫര്‍നഗര്‍ ജില്ലാ ആശുപത്രിയിലാണ് കഴിയുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുകേഷ് ചന്ദ്ര ഉടനെ സ്ഥലത്തെത്തുകയും പോലീസിനെ വിന്യസിക്കുകയും ചെയ്തു. കൂടുതല്‍ പോലീസുകാരെ ഇവിടെ വിന്യസിക്കും. സംഘര്‍ഷം ഉരുണ്ടുകൂടിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.
അതിനിടെ, ആര്യാപുരിയില്‍ ബൈക്കിലെത്തിയ അക്രമികള്‍ ഒരു സ്ത്രീക്ക് നേരെ വെടിവെച്ചു. ഇതിന് 15 മിനിട്ട് മുമ്പേ ഭ്പ റോഡില്‍ യുവാവിന് വെടിയേറ്റിരുന്നു. വ്യാഴാഴ്ച രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പല്ലവപുരത്ത് നിന്ന് സ്വന്തം ഗ്രാമമായ ജമാല്‍പൂരിലേക്ക് പോകുകയായിരുന്ന ആശാരിയെ കുത്തി കൊല്ലുകയായിരുന്നു. പച്ചേന്ദ റോഡില്‍ അജ്ഞാതര്‍ യുവാവിനെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നാണ് ഒരു മാസത്തെ ഇടവേളക്ക് ശേഷം സംഘര്‍ഷത്തിന് വഴിവെക്കുന്നത്. ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് പോകുകയായിരുന്ന ആബിദ് (28) എന്ന യുവാവിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മേഖലയില്‍ കുഴപ്പമുണ്ടാക്കാനുള്ള മനഃപൂര്‍വ ശ്രമമാണ് ഇതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.