Connect with us

Kannur

പോലീസ് സഹ.സംഘം തിരഞ്ഞെടുപ്പ്; യു ഡി എഫ് വിഭാഗവും കോടതിയിലേക്ക്

Published

|

Last Updated

കണ്ണൂര്‍: ജില്ലാ പോലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പ് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് എല്‍ ഡി എഫ് അനുകൂലികള്‍ക്കു പുറമെ യു ഡി എഫ് അനുകൂലികളും കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് നിര്‍ത്തിവച്ച വരണാധികാരിയുടെ നിലപാടിനെതിരേയാണ് എല്‍ ഡി എഫ് അനുകൂലികള്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പഴയ കാര്‍ഡ് ഉപയോഗിച്ചു വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന കോടതി നിര്‍ദേശം വരണാധികാരി പാലിച്ചില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പുതിയ കാര്‍ഡ് വാങ്ങിയവര്‍ക്കു മാത്രമെ വിധി ബാധകമുള്ളൂവെന്നും കാര്‍ഡ് വാങ്ങാത്തവര്‍ക്ക് ഇതു ബാധകമല്ലെന്നുമാണു മറുപക്ഷം വാദിക്കുന്നത്.
കാലപ്പഴക്കം മൂലം പഴയ കാര്‍ഡിലെ ഫോട്ടോയും മറ്റും ആറ് ബി രജിസ്റ്ററുമായി ഒത്തുനോക്കാന്‍ സാധിക്കില്ലെന്ന് വന്നതിനാലാണ് പുതിയ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്്. പുതിയ കാര്‍ഡ് വാങ്ങിയവര്‍ക്കു മാത്രമായിരുന്നു വോട്ടവകാശം. ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിനു തടസം വരാതിരിക്കാനാണ് ഇലക്ഷന്‍ കമ്മീഷണറുടെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പഴയ സഹകരണസംഘം തെരഞ്ഞെടുപ്പിന് ഉപയോഗിച്ച തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഏതെങ്കിലും ഉപയോഗിക്കാമെന്നു കോടതി വിധിച്ചതെന്നും യു ഡി എഫ് അനുകൂലികള്‍ വിശദീകരിക്കുന്നു.
തിരഞ്ഞെടുപ്പ് വരണാധികാരി നിര്‍ത്തിവെച്ചത് ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിലാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.