Connect with us

National

ഒളിവിലല്ലെന്ന് പത്രപ്പരസ്യം നല്‍കി നാരായണ്‍ സായ്‌

Published

|

Last Updated

അഹ്മദാബാദ്: പീഡന കേസിലുള്‍പ്പെട്ട അസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായ് സ്വയം ന്യായീകരിച്ച് പത്രപ്പരസ്യം നല്‍കി. താന്‍ കുറ്റക്കാരനല്ലെന്നും ഒളിച്ചോടുന്ന പ്രശ്‌നമില്ലെന്നും സായി പ്രാദേശിക പത്രങ്ങള്‍ക്ക് നല്‍കിയ പരസ്യത്തില്‍ പറയുന്നു. നിയമപരമായ നീക്കം ശക്തമാക്കുമെന്നും സായിയുടെ പത്രപ്പരസ്യത്തിലുണ്ട്. പിതാവ് അസാറാമും മകനും ചേര്‍ന്ന് ഗുജറാത്തില്‍ വിവിധയിടങ്ങളില്‍ തടത്തുന്ന ആശ്രമങ്ങള്‍ക്ക് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വിവിധ കേസുകളിലായി ഇവര്‍ക്ക് സമന്‍സ് അയച്ചിട്ടുമുണ്ട്. ഒളിവില്‍ കഴിയുന്ന സായിയുടെ പേരില്‍ പരസ്യം വന്നത് പോലീസിന് തലവേദനായായിരിക്കുകയാണ്. എവിടെയാണ് ഇയാള്‍ ഒളിച്ച് കഴിയുന്നത് എന്നത് സംബന്ധിച്ച് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല.
സായിക്കെതിരായ എഫ് ഐ ആറിലെ വിവരങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും പരാതി നല്‍കിയ പെണ്‍കുട്ടികള്‍ മറ്റെന്തോ ലക്ഷ്യത്തിന് വേണ്ടി കളവ് പറയുകയാണെന്നും സായിയുടെ അഭിഭാഷകന്‍ ഗൗതം ദേശായി പരസ്യത്തില്‍ പറയുന്നു. നിയമപരമായ വഴിയിലൂടെ തന്നെ നിരപരാധിത്വം തെളിയിക്കുമെന്നും തന്റെ കക്ഷി ഒളിച്ചോടുന്നയാളല്ലെന്നും ഗൗതം അവകാശപ്പെടുന്നു. സഹോദിരമാരായ രണ്ട് പെണ്‍കുട്ടികളാണ് പിതാവിനും മകനുമെതിരെ പുതിയ പരാതികള്‍ നല്‍കിയത്. സൂറത്ത് ആശ്രമത്തിലായിരുന്നപ്പോള്‍ 2002നും 2005നും ഇടയിലാണ് തന്നെ നിരന്തരം പീഡിപ്പിച്ചതെന്ന് ഇളയ സഹോദരി തന്റെ പരാതിയില്‍ പറയുന്നു. അഹ്മദാബാദ് നഗരപ്രാന്തത്തിലുള്ള ആശ്രമത്തില്‍ കഴിയവേ തന്നെ പീഡിപ്പിച്ചുവെന്നാണ് മൂത്ത സഹോദരിയുടെ പരാതിയിലുള്ളത്. അസാറാമിനെതിരെ നേരത്തേയുള്ള പരാതിയില്‍ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അസാറാം നല്‍കിയ ജാമ്യാപേക്ഷ നേരത്തേ തള്ളിയിരുന്നു. നാരായണ്‍ സായിയെ പിടികൂടാനായി ആറ് സംഘങ്ങളെയാണ് സൂറത്ത് പോലീസ് നിയോഗിച്ചിരിക്കുന്നത്. ആശ്രമങ്ങളുടെ പരിസരം മുഴുവന്‍ 24 മണിക്കൂറും വീഡിയോയില്‍ പകര്‍ത്തുന്ന പ്രക്രിയ ഇന്നലെ ആരംഭിച്ചു.