Connect with us

Wayanad

മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ സാമൂഹിക മാറ്റത്തിന് അനിവാര്യം: എം ഐ ഷാനവാസ്‌

Published

|

Last Updated

കല്‍പറ്റ: വയനാടിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ പുരോഗതിക്ക് സര്‍ക്കാര്‍ മേഖലയില്‍ എന്നതുപോലെ എയ്ഡഡ് മേഖലയിലും കൂടുതല്‍ സ്ഥാപനങ്ങളും കോഴ്‌സുകളുമുണ്ടാകണമെന്ന് എം.ഐ. ഷാനവാസ് എംപി പറഞ്ഞു.
മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പുതുതായി നിര്‍മിച്ച ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വയനാടിന്റെ വിദ്യാഭ്യാസമേഖലയില്‍ ക്രൈസ്തവസഭകളുടെ പങ്ക് നിസ്തുലമാണെന്നും മേരിമാതാ കോളജ് അതിന്റെ നിദര്‍ശനമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ പരിവര്‍ത്തനത്തിന് പരമപ്രാധാന്യം കൊടുത്തു വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാനന്തവാടി രൂപതയുടെ ബിഷപ്പും കോളജ് രക്ഷാധികാരിയുമായ മാര്‍ ജോസ് പൊരുന്നേടം വെഞ്ചരിപ്പുകര്‍മ്മം നടത്തി.
തുടര്‍ന്നു നടന്ന ഉദ്ഘാടന ചടങ്ങില്‍ യുജിസിയുടെ പതിനൊന്നാം പദ്ധതി പ്രകാരം അനുവദിക്കപ്പെട്ട അനുബന്ധ സൗകര്യങ്ങളുടേയും ഓഡിറ്റോറിയത്തിന്റേയും ഉദ്ഘാടനം കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ഐക്യുഎസി പുറത്തിറക്കിയ ന്യൂസ് ലെറ്റര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ശശി നിര്‍വഹിച്ചു. യുജിസി പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഡോ. രാജു ജോര്‍ജ് അവതരിപ്പിച്ചു. കോളജ് മാനേജര്‍ ഫാ. ചാണ്ടി പുനക്കാട്ട്, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഡോ. സാവിയോ ജയിംസ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അഷറഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് സെബാസ്റ്റ്യന്‍, വാര്‍ഡ് മെമ്പര്‍ ത്രേസ്യ കൊടിയംകുന്നേല്‍, പിടിഎ വൈസ് പ്രസിഡന്റ് പി.പി.എ. ബഷീര്‍, കോളജ് യൂണിയന്‍ ചെയര്‍മാന്‍ കിഷോര്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.