Connect with us

Kasargod

മദ്യപാനത്തിനെതിരെ ആരോഗ്യവകുപ്പും ജനമൈത്രി പോലീസും

Published

|

Last Updated

കാഞ്ഞങ്ങാട്: ട്രൈബല്‍ കോളനിയില്‍ വര്‍ധിച്ചുവരുന്ന മദ്യപാനത്തിനെതിരെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കമായി. പനത്തടി സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെയും ജനമൈത്രി പോലീസിന്റെയും നേതൃത്വത്തിലാണ് ബോധവത്കരണ പരിപാടി ആസൂത്രണം ചെയ്തത്.
പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ പ്രധാന കോളനികള്‍ കേന്ദ്രീകരിച്ചാണ് ബോധവത്കരണം. രണ്ടുമാസം മുമ്പ് ഒരു കോളനിയില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത പലരും മദ്യപാനം ഉപേക്ഷിച്ചതിന്റെ ചുവടുപിടിച്ചാണ് കൂടുതല്‍ കോളനികളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് ഇതിനു നേതൃത്വം നല്‍കുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ മോഹനന്‍, എ എസ് ഐ മത്തായി എന്നിവര്‍ അറിയിച്ചു.
മദ്യപാനത്തിനെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനത്തോടൊപ്പം കോളനിയിലെ പരിസരശുചിത്വം, വ്ക്തിശുചിത്വം, പോഷകാഹാരം, സമ്പാദ്യശീലം, വിദ്യാഭ്യാസം എന്നീ മേഖലകളിലും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു. അഭ്യസ്തവിദ്യരുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ച് മദ്യവിരുദ്ധ സമിതിയും രൂപവത്കരിക്കുന്നു.
ബോധവത്കരണ പരിപാടിയുടെ ഉദ്ഘാടനം പാണത്തൂര്‍ പാറക്കടവ് കോളനിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ ജെയിംസ് ഉദ്ഘാടനം ചെയ്തു. ഊരുകൂട്ടം ചെയര്‍മാന്‍ കെ നാരായണന്‍, സി ഡി എസ് അധ്യക്ഷന്‍ പ്രസന്ന പ്രസാദ്, എ ഡി എസ് അധ്യക്ഷ പ്രസീതാ രാജന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Latest