മുസ്‌ലിം ലീഗ് ജനങ്ങളോട് മാപ്പു പറയണം: സി പി എം

Posted on: October 10, 2013 6:00 am | Last updated: October 10, 2013 at 12:42 pm

കണ്ണൂര്‍: പാറാട് നടന്ന ബോംബ് സ്‌ഫോടനം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. ബോംബ് സ്‌ഫോടനം നടന്നയുടന്‍ ഇതിന്റെ ഉത്തരവാദിത്വം എന്‍ ഡി എഫിനാണെന്ന് ചൂണ്ടിക്കാട്ടാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഭവം ലീഗ് നേരിട്ട് ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമായിരിക്കുകയാണ്. സ്‌ഫോടനത്തില്‍ പരുക്കേറ്റ പലരും ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം എസ് എഫിന്റെ പ്രാദേശിക ഭാരവാഹികളും പ്രവര്‍ത്തകരുമാണ്. എന്‍ ഡി എഫിലേക്ക് ലീഗ് അനുഭാവികള്‍ പോകുന്നതു തടയുന്നതിന് ലീഗ് തന്നെ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഐഡിയല്‍ യൂത്ത് കോര്‍ എന്ന സംഘടനയിലൂടെയാണ് ബോംബ് നിര്‍മാണവും ആക്രമണങ്ങളും ആസൂത്രണം ചെയ്യുന്നത്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ലീഗിന്റെ സജീവ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജനങ്ങളോട് മാപ്പ് പറയാന്‍ മുസ്‌ലിം ലീഗും യു ഡി എഫ് നേതൃത്വവും സന്നദ്ധമാകണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.