Connect with us

Palakkad

ബംഗാളി യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം: മൂന്ന് പേര്‍ കൂടി പോലീസ് പിടിയില്‍

Published

|

Last Updated

പാലക്കാട്: പട്ടാമ്പിയില്‍ ബംഗാള്‍ സ്വദേശി ഇബ്രാഹീം കൊക്കൂണിനെ ഭാരതപ്പുഴയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ബംഗാളികളായ മൂന്നുപേര്‍ കൂടി പോലീസിന്റെ പിടിയിലായി.
കൊലപാതകത്തില്‍ മുഖ്യ പങ്കുവഹിച്ച പശ്ചിമ ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയിലെ പൂര്‍വസ്ഥലി നിവാസികളായ റഫീഖ് ഷേക്ക് (36), യാക്കൂബ് ഷേക്ക് (53), അനീസ് റഹ്മാന്‍ ഷേക്ക് (35) എന്നിവരെയാണ് പട്ടാമ്പി സി ഐ കെ എം ദേവസ്യ, എസ് ഐ ബഷീര്‍ ചിറക്കല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം കേസിലെ മുഖ്യപ്രതി ജിഗ്രിയാ മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ ഉള്‍പ്പെട്ട നാല് പ്രതികളും അറസ്റ്റിലായി.
കൊല്ലപ്പെട്ട ഇബ്രാഹിമിന്റെ ഭാര്യ റജീനയും ഇബ്രാഹിമിന്റെ സുഹൃത്തും കേസിലെ പ്രതിയുമായ റഫീഖും തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് ഇബ്രാഹിമിന്റെ ദാരുണ മരണത്തില്‍ കലാശിച്ചത്.
പട്ടാമ്പി നിളാ ഹോസ്പിറ്റല്‍ പരിസരത്തെ സ്വകാര്യവ്യക്തിയുടെ ക്വാര്‍ട്ടേഴ്‌സിലാണ് കൊല്ലപ്പെട്ട ഇബ്രാഹിമും ഭാര്യ റജീനയും റഫീഖും താമസിക്കുന്നത്.
റഫീഖും റജീനയും തമ്മിലുള്ള അവിഹിതബന്ധം ഇവര്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തി. തുടര്‍ന്ന് ഇവര്‍ പരസ്പരം കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇബ്രാഹിമിനെ വകവരുത്തുവാന്‍ റഫീഖ് തീരുമാനിച്ചത്.
കൊല നടത്തുന്നതിനായി തന്റെ നാട്ടുകാരായ യാക്കൂബ്, അലിം എന്ന ജിഗിരിയ മല്ലിക് എന്നിവരെ 25000 രൂപ വാഗ്ദാനം നല്‍കി കൂടെ കൂട്ടുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ പുഴയില്‍ മണല്‍ വാരുന്നിടത്തേക്ക് വിളിച്ച് കൊണ്ടുപോയി.
പുഴയിലെ ആഴം കുറഞ്ഞ സ്ഥലത്തുവെച്ച് മുന്‍ നിശ്ചയിച്ച പ്രകാരം യാക്കൂബ് കത്തിയെടുത്ത് കൊക്കൂണിനെ കുത്തി. എന്നാല്‍ കൊക്കൂണ്‍ കത്തിയില്‍ കയറി പിടിച്ച് തടുത്തു. ഈസമയം റഫീഖും യാക്കൂബും ജിഗിരിയ മല്ലിക്കും കൂടി പുഴയിലെ വെള്ളത്തില്‍ കൊക്കൂണിന്റെ തല താഴ്ത്തി അമര്‍ത്തിപ്പിടിച്ച് കൊക്കൂണിനെ നിശ്ചലമാക്കി.
പിന്നീട് വെള്ളം കുറഞ്ഞ മണല്‍ത്തിട്ടയിലേക്ക് കയറ്റിയിട്ട് റഫീഖ് കൈയില്‍ കരുതിയ കത്തികൊണ്ട് യാക്കൂബ് ഷേക്ക് കൊക്കൂണിന്റെ കഴുത്തറുക്കുകയായിരുന്നു. ഇതിന് മറ്റുള്ളവരും സഹായിച്ചു.
പിന്നീട് ശരീരം പുഴയില്‍ ഒഴുക്കുള്ള ഭാഗത്ത് തള്ളിയിടുകയായിരുന്നു. എന്നാല്‍ ഇത് പുഴയില്‍ അര കിലോമീറ്റര്‍ മാത്രമാണ് ഒഴുകിയത്. അറുത്തെടുത്ത ശിരസ് ആദ്യം ഒരു പ്ലാസ്റ്റിക് ചാക്കിലിട്ട് വേറൊരു വലിയ ചാക്കില്‍ പകുതിയോളം മണല്‍ നിറച്ച് ശിരസിട്ട ചാക്ക് ഈ മണല്‍ ചാക്കിലിട്ടു കെട്ടി മറ്റൊരു മണല്‍ ചാക്കുമായി കൂട്ടിക്കെട്ടി ആഴത്തിലേക്ക് വലിച്ചെറിഞ്ഞു.
കത്തിയും ഇവിടെ ഉപേക്ഷിച്ച ശേഷം തങ്ങളുടെ റൂമുകളിലേക്ക് പോവുകയും ചെയ്തു.
കൊല്ലപ്പെട്ട കൊക്കൂണിന്റെ ഭാര്യ തിങ്കളാഴ്ച നാട്ടിലേക്ക് മടങ്ങിപ്പോയി. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ നാല് മക്കളുണ്ട്.
അറസ്റ്റ് ചെയ്ത പ്രതികളുടെ സഹായത്തോടെ അറുത്തുമാറ്റിയ ശിരസും കത്തിയും പുഴയില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.