Connect with us

Kannur

പുനസംഘടനയ്ക്കു പിന്നാലെ ബി ജെ പി ജില്ലാ ഘടകത്തില്‍ ചേരിതിരിവ് ശക്തം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ ബി ജെ പിയിലെ ചേരിതിരിവ് ശക്തമായി. ജില്ലാ നേതൃത്വം ഏകപക്ഷീയമായി ഒരു വിഭാഗത്തെ പൂര്‍ണമായും വെട്ടിനിരത്തി പുനസംഘടന നടത്തിയെന്നാണ് ആരോപണം. കഴിഞ്ഞ 25 വര്‍ഷമായി പ്രാഥമിക അംഗത്വംപോലുമില്ലാത്ത ചിലരെ ജില്ലാ കമ്മിറ്റിയില്‍ തിരുകിക്കയറ്റിയതായും പരാതിയുണ്ട്. നേരത്തെ ഒരു നേതാവിനെതിരെ ഉയര്‍ന്ന ആരോപണം സംബന്ധിച്ച് ഉന്നത നേതൃത്വത്തിനു പരാതി നല്‍കിയവരെ പുനസംഘടനാവേളയില്‍ പൂര്‍ണമായും ഒഴിവാക്കിയതായും പറയുന്നു.
ജില്ലാ കമ്മിറ്റിയിലേക്ക് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉള്‍പ്പെട്ട പ്രാദേശിക കമ്മിറ്റികളുമായി ആലോചിച്ചില്ലെന്നാണ് ഗുരുതരമായ മറ്റൊരു ആരോപണം.
ഇതിനിടെ ചീട്ടുകളിക്കിടെ അറസ്റ്റിലായ പ്രാദേശിക ഭാരവാഹിയുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങള്‍ പുകയുന്നുണ്ട്. അറസ്റ്റിലായ നേതാവിനെ ബന്ധപ്പെട്ട കമ്മിറ്റി ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വത്തിലെ ചിലര്‍ ഇടപെട്ട് ഇയാളെ തത്സ്ഥാനത്ത് അവരോധിക്കാന്‍ അണിയറ നീക്കം നടത്തുന്നുണ്ട്. ഇതിനെതിരേ പ്രാദേശികതലത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.