Connect with us

Ongoing News

ക്ലാസിക് കഴിഞ്ഞു; വിസ്മയം ബാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യ ലോകക്രിക്കറ്റിന് സമ്മാനിച്ച രണ്ട് ഇതിഹാസങ്ങളുടെ കരിയറിന്റെ അസ്തമയത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടോദയം മുങ്ങിപ്പോയി. ക്രിക്കറ്റിന്റെ ഒരു രൂപങ്ങളിലും രാഹുല്‍ ദ്രാവിഡെന്ന ക്ലാസിക് ബാറ്റ്‌സ്മാനെ ഇനി കാണില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന അനുഗ്രഹീത പ്രതിഭക്ക് സജീവ ക്രിക്കറ്റില്‍ ഇനി അധികനാളുകള്‍ ഇല്ല. വിരമിക്കലിന് ഒരുടെസ്റ്റ് പരമ്പരയുടെ അകലം മാത്രം(?). ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു ചരിത്രഘട്ടത്തിന്റെ അവസാനത്തിനുംകൂടിയാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ഫൈനലില്‍ രാജസ്ഥാന്‍ റോയല്‍സ് -മുംബൈ ഇന്ത്യന്‍സ് പോരാട്ടം സാക്ഷ്യം വഹിച്ചത്. ക്രിക്കറ്റിലെ എക്കാലത്തേയും മഹാരഥന്‍മാര്‍ നേര്‍ക്കുനേര്‍ നിന്ന അങ്കത്തട്ടില്‍ വിജയം മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു. എന്നാല്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞ കാണികള്‍ വികാര നിര്‍ഭരമായ യാത്രയയപ്പ് ഇരുവര്‍ക്കും നല്‍കി. ടെസ്റ്റ്, ഏകദിന, ട്വന്റി20, ഐ പി എല്‍ ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ച രാഹുല്‍ദ്രാവിഡിന്റെ അവസാന വേദിയായിരുന്നു ചാമ്പ്യന്‍സ് ലീഗ്. അവിടെ ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ ക്രിക്കറ്റിലെ വന്‍മതിലിന് സാധിച്ചു. ട്വന്റി20 ഫോര്‍മാറ്റിലെ അവസാന മത്സരത്തില്‍ സച്ചിനും ദ്രാവിഡും ക്ലീന്‍ ബൗള്‍ഡായതില്‍ പോലും സമാനത കാണാം. രണ്ട് പേരെയും ആസ്‌ത്രേലിയന്‍ താരങ്ങളാണ് മടക്കിയത്. സച്ചിനെ (15) ഷെയിന്‍ വാട്‌സനും ദ്രാവിഡി(1) നെ നഥാന്‍ കോള്‍ട്ടറും.
സച്ചിന്‍ ഒരു സൂര്യനെ പോലെ ജ്വലിച്ചപ്പോള്‍ നക്ഷത്രവെളിച്ചം പരത്തി ദ്രാവിഡ് രണ്ടാമൂഴക്കാരനെ പോലെ മാറ്റിനിര്‍ത്തപ്പെടുകയായിരുന്നു കരിയറില്‍. തന്റെ അവസാന മത്സരത്തിലും സച്ചിനെ രണ്ടാം നിരയിലേക്ക് പിന്തള്ളാന്‍ ദ്രാവിഡിന് ഭാഗ്യമുണ്ടായില്ല. സച്ചിന് വേണ്ടി മുംബൈ തകര്‍ത്താടിയപ്പോള്‍ ദ്രാവിഡ് തന്റെ പടയുടെ ദൗര്‍ബല്യം തിരിച്ചറിഞ്ഞ് പകച്ചു നില്‍ക്കുകയായിരുന്നു. രഹാനെയും സാംസണും കാണിച്ച പോരാട്ടവീര്യം ദ്രാവിഡിനുള്ള മധുരമായിരുന്നു. സച്ചിന്റെ അവസാന ട്വന്റി 20 എന്ന വൈകാരികതയായിരുന്നു ഫൈനല്‍ മത്സരത്തിന്റെ ഗ്ലാമര്‍. ദ്രാവിഡ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചത് ബിഗ് ന്യൂസ് അല്ലാതെ പോയി. ഏകദിന ക്രിക്കറ്റിലെ സ്വന്തം ചരിത്രമുഹൂര്‍ത്തങ്ങളിലും രാഹുല്‍ മറ്റുള്ളവരുടെ ആഹ്ലാദരാവില്‍ നിഴല്‍ചിത്രമായി മാറി. ദ്രാവിഡിന്റെ ആദ്യ സെഞ്ച്വറിയും ഏറ്റവും ഉയര്‍ന്ന സ്‌കോറും ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറും കണ്ട മത്സരങ്ങള്‍ രേഖപ്പെടുത്തപ്പെട്ടത് മറ്റുള്ളവരുടെ മിന്നല്‍പ്പിണറിന്റെ പേരിലായിരുന്നു. 1997ല്‍ പാകിസ്ഥാനെതിരെ ചെന്നൈയില്‍ നടന്ന മത്സരത്തിലാണ് ദ്രാവിഡിന്റെ കന്നി ഏകദിന സെഞ്ച്വറി(107). എന്നാല്‍ അന്നേദിവസം അവിടെ മറ്റൊന്നുകൂടി സംഭവിച്ചു. സഈദ് അന്‍വറിന്റെ 194. അത് പുതിയ ചരിത്രമായപ്പോള്‍ ഇന്ത്യന്‍ താരത്തിന്റെ പ്രകടനം സ്‌കോര്‍ഷീറ്റിലെ വെറും അക്കങ്ങള്‍ മാത്രമായി.

രാഹുല്‍ തന്റെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ (153) കണ്ടെത്തിയത് 1999ല്‍ ന്യൂസിലാന്‍ഡിനെതിരെ ആയിരുന്നു. എന്നാല്‍ ഹൈദരാബാദില്‍ നടന്ന ആ മത്സരം ഓര്‍മിക്കുന്നത് സച്ചിന്റെ തകര്‍പ്പന്‍ ഫോമിന്റെ പേരില്‍. ആ മത്സരത്തിലാണ് സച്ചിന്‍ തന്റെ അന്നത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയത്. രാഹുലിന്റെ മികച്ച രണ്ടാമത്തെ സ്‌കോര്‍ (145) ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിലായിരുന്നു. അതേ മത്സരത്തില്‍ തന്നെയാണ് സൗരവ് തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയ 183 നേടിയത്. രാഹുല്‍ ഇന്ത്യയുടെ നായകസ്ഥാനത്ത് ഉണ്ടായിരുന്ന കാലത്തെ വിജയാനുപാതം ധോണിയുടെതൊഴികെ മറ്റെല്ലാ നായകന്മാരുടെ കാലത്തേക്കാള്‍ മികച്ചതുമാണ്. എങ്കിലും കര്‍ണാടക താരത്തിന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ലോകകപ്പിലെ അപ്രതീക്ഷിത തോല്‍വി ബംഗ്ലാദേശില്‍ നിന്ന് ഏറ്റുവാങ്ങുന്നത്. അന്ന് പവലിയനില്‍ നിരാശ പടര്‍ന്ന മുഖവുമായി ഇരിക്കുന്ന ദ്രാവിഡിനെയാണ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ച ദ്രാവിഡിനെക്കാള്‍ മാധ്യമങ്ങള്‍ പരിചയപ്പെടുത്തിയത്.

അതേ സമയം സച്ചിന്‍ ഭാഗ്യവാനാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ടീമിനൊപ്പം ലോകകപ്പ് ചാമ്പ്യന്‍ പട്ടം 2011 ല്‍ സ്വന്തമാക്കി. ഐ പി എല്ലില്‍ രോഹിത് ശര്‍മയുടെ നേതൃത്വ മികവില്‍ കിരീട വിജയം. അതിന് പിറകെ ചാമ്പ്യന്‍സ് ലീഗ് കിരീടവും. അതേ, രാജകീയ വിജയത്തോടെ സച്ചിന്‍ തന്റെ ട്വന്റി 20 കരിയര്‍ അവസാനിപ്പിച്ചു. മത്സരത്തില്‍ സച്ചിന്‍ 15 റണ്‍സ് എടുത്താണ് പുറത്തായത്. 13 പന്തുകള്‍ നേരിട്ട സച്ചിന്‍ മൂന്ന് തവണ പന്ത് അതിര്‍ത്തികടത്തി. കഴിഞ്ഞ ദിവസം സെമിഫൈനലില്‍ ട്രിനിഡിനെതിരെ ടൂര്‍ണമെന്റിലാദ്യമായി സച്ചിന്‍ (35) സ്വതസിദ്ധ ബാറ്റിംഗ് പുറത്തെടുത്തു. ഫൈനലിലും സച്ചിന്‍ തന്റെ ക്ലാസിക് ഷോട്ടുകളുമായി കളം നിറഞ്ഞു. എന്നാല്‍ ഷെയിന്‍വാട്‌സന്റെ മികച്ചൊരു പന്ത് സച്ചിന്റെ ട്വന്റി 20 കരിയറനെ എറിഞ്ഞിട്ടു.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയുമായുള്ള മത്സരത്തില്‍ സച്ചിന്‍ ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടിരുന്നു. അംഗീകൃത ക്രിക്കറ്റില്‍ 50,000 റണ്‍സ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് സ്വന്തം പേരില്‍ കുറിച്ചത്. 953 അംഗീകൃത മത്സരങ്ങളില്‍ നിന്നാണ് സച്ചിന്‍ അരലക്ഷം റണ്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. വാതുവെപ്പ് ബന്ധത്തിന്റെ പേരില്‍ ആകെയുലഞ്ഞ രാജസ്ഥാന്‍ റോയല്‍സിന് തന്റെ പരിചയ സമ്പത്തും ആത്മവിശ്വാസവും അധ്വാനവും നല്‍കി ഫൈനല്‍ വരെ കുതിപ്പിച്ച ദ്രാവിഡ് വിരമിക്കലിലും ആരോടും മത്സരിക്കാനില്ലാതെ മടങ്ങി. ഫൈനലില്‍ ടോസ് നേടിയ ദ്രാവിഡ് മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡ്വെയിന്‍ സ്മിത് (44), റായുഡു (29), രോഹിത് ശര്‍മ (33), കീരന്‍ പൊള്ളാര്‍ഡ് (15), മാക്‌സ്‌വെല്‍ (37), ദിനേശ് കാര്‍ത്തിക്ക് (15 നോട്ടൗട്ട്), ഹര്‍ഭജന്‍ സിംഗ് (7 നോട്ടൗട്ട്) എന്നിവരുടെ വെട്ടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ ആറ് വിക്കറ്റിന് 202 റണ്‍സടിച്ചു.
രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി അജിങ്ക് രഹാനെ (65), സഞ്ജു വി സാംസണ്‍ (60) പ്രതീക്ഷയുണര്‍ത്തിയെങ്കിലും മികച്ച പിന്തുണ ലഭിക്കാതെ പോയി.