Connect with us

National

സീമാന്ധ്ര വിദ്യാര്‍ഥികള്‍ 'അപ്രത്യക്ഷമാകുന്നു'

Published

|

Last Updated

ഹൈദരാബാദ്: തെലങ്കാനയുമായി ബന്ധപ്പെട്ട പ്രതിഷേധവും പ്രക്ഷോഭവും കത്തി നില്‍ക്കെ സീമാന്ധ്ര, രായലസീമ മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നു. ഹൈദരാബാദിലെ യു ജി, ടെക്‌നോളജി കോളജുകളിലെ വിദ്യാര്‍ഥികളാണ് അക്രമവും പ്രതിഷേധവും ഭയന്ന് വീട്ടിലേക്ക് മടങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ഹാജര്‍ നില 25 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മുതലാണ് കോളജുകളില്‍ നിന്ന് കുട്ടികളെ കാണാതായിത്തുടങ്ങിയതെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. കോളജുകളിലെ 40 ശതമാനം വിദ്യാര്‍ഥികളും തെലങ്കാനക്ക് പുറത്തുള്ള 13 ജില്ലകളില്‍ നിന്നാണ്. സംഘര്‍ഷം ഭയന്ന് മിക്ക വിദ്യാര്‍ഥികളും വീടുകളിലേക്ക് തിരിച്ചതായാണ് കോളജ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. പ്രശ്‌നം തീരുന്നത് വരെ കോളജുകളിലേക്ക് തിരികെയില്ലെന്ന നിലപാടിലാണ് ഇവര്‍. വരും ദിവസങ്ങളിലും കൂടുതല്‍ പേര്‍ നാട്ടിലേക്കു മടങ്ങുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നഗരത്തിലേക്ക് മടങ്ങാന്‍ മിക്ക വിദ്യാര്‍ഥികള്‍ക്കും ആശങ്കയുണ്ട്. സുരക്ഷാകാരണങ്ങളാല്‍ മിക്ക വിദ്യാര്‍ഥികളെയും രക്ഷിതാക്കള്‍ തന്നെയാണ് തിരികെവിളിച്ചത്. ക്യാമ്പസുകളില്‍ പ്രധാന ചര്‍ച്ചാ വിഷയം സംസ്ഥാന വിഭജനമാണ്. ക്ലാസുകള്‍ നടക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍ വിവാദ വിഷയത്തെ കുറിച്ച് ക്യാമ്പസില്‍ ചര്‍ച്ചകള്‍ പാടില്ലെന്ന് വിദ്യാര്‍ഥികള്‍ക്ക് മാനേജ്‌മെന്റുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ഥികളില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനാണ് ഇത്. ചില കോളജുകള്‍ വിദ്യാര്‍ഥികള്‍ക്ക് ആശങ്കയകറ്റാന്‍ കൗണ്‍സലിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.