Connect with us

National

നിര്‍ബന്ധിത വോട്ട്: മോഡിക്ക് അഡ്വാനിയുടെ പിന്തുണ

Published

|

Last Updated

ന്യൂഡല്‍ഹി: വോട്ടവകാശം നിര്‍ബന്ധമാക്കണമെന്ന ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുടെ ആവശ്യത്തെ പിന്തുണച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി രംഗത്ത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞടുക്കപ്പെട്ട ശേഷം ആദ്യമായാണ് മോഡിക്ക് പിന്തുണയുമായി അഡ്വാനി രംഗത്തെത്തിയത്. തന്റെ ബ്ലോഗിലാണ് ഇക്കാര്യം കുറിച്ചത്.
നിഷേധ വോട്ട് രേഖപ്പെടുത്താന്‍ അവസരം നല്‍കുന്ന സുപ്രീം കോടതി വിധിയെ അഡ്വാനി സ്വാഗതം ചെയ്തു. നിയമപരമായ ന്യായീകരണങ്ങളില്ലാതെ വോട്ട് ചെയ്യാതിരുന്നാല്‍ അത് നിഷേധ വോട്ടായി തന്നെയാണ് നിലവില്‍ കണക്കാക്കി വരുന്നത്. അതിനാല്‍ വോട്ടവകാശം നിര്‍ബന്ധമാക്കിയാല്‍ നിഷേധ വോട്ടിന് കൂടുതല്‍ പ്രാധാന്യം ലഭിക്കും. അപ്പോഴാണ് നിഷേധ വോട്ട് അര്‍ഥവത്താകുന്നത്. ഇക്കാര്യത്തില്‍ നരേന്ദ്ര മോഡി നടത്തിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയില്‍ ആദ്യമായി നിര്‍ബന്ധിത വോട്ടവകാശം ഏര്‍പ്പെടുത്താന്‍ ഗുജറാത്തില്‍ മോഡി ശ്രമം നടത്തിയിരുന്നു. രണ്ട് തവണ നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ വിയോജിപ്പ് മൂലം അത് നടപ്പിലാകാതെ വരികയായിരുന്നു.
31 രാജ്യങ്ങളില്‍ വോട്ടവകാശം നിര്‍ബന്ധമാണ്. അതില്‍ പത്ത് രാജ്യങ്ങള്‍ മാത്രമേ ഇത് കാര്യമായി നടപ്പാക്കിയിട്ടുള്ളൂ. നിഷേധ വോട്ട് നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ തുടക്കം മുതല്‍ക്കേ അഡ്വാനി എതിര്‍ത്തിരുന്നു. എന്നാല്‍ പിന്നീട് പാര്‍ട്ടി തീരുമാനം അംഗീകരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മോഡിക്ക് പിന്തുണയുമായി അഡ്വാനി രംഗത്തെത്തിയത്. അഞ്ച് സംസ്ഥാനങ്ങളില്‍ അടുത്ത് നടക്കാനുള്ള തിരഞ്ഞെടുപ്പ് മുതല്‍ നിഷേധ വോട്ട് അനുവദിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.