Connect with us

Gulf

ശൈഖ് സായിദിനെക്കുറിച്ച് പുതിയ ബുക്ക് പുറത്തിറങ്ങി

Published

|

Last Updated

ദുബൈ: യു എ ഇ രാഷ്ട്രപിതാവും ലോകം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെക്കുറിച്ചുള്ള പുതിയ പുസ്തകം പുറത്തിറങ്ങി. ദുബൈ മാളിലെ കിനോകുനിയ ബുക്ക് സ്റ്റോറിലായിരുന്നു പുസ്തകത്തിന്റെ പ്രകാശനം.
ഗ്രാമെ വില്‍സണും നാഷണല്‍ സെന്റര്‍ ഫോര്‍ ഡോക്യുമെന്റേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല അല്‍ റൈസുമാണ് പുസ്തകത്തിന്റെ ശില്‍പികള്‍. പുസ്തക പ്രകാശനത്തിന് ക്ഷണിതാക്കളായി എത്തിയവര്‍ക്കൊപ്പം മാളില്‍ സന്ദര്‍ശകരായി എത്തിയവരും പ്രകാശനത്തിന് സാക്ഷികളായി. പ്രകാശന ശേഷം അതിഥികളില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി പറഞ്ഞു.
ശൈഖ് സായിദിലെ മനുഷ്യസ്‌നേഹിയെയാണ് പുസ്തകത്തില്‍ വരച്ചിടാന്‍ ശ്രമിച്ചിരിക്കുന്നതെന്ന് വില്‍സണ്‍ പറഞ്ഞു. ശൈഖ് സായിദില്‍ നിന്നും സഹായം ലഭിച്ച പലരും അവരുടെ അനുഭവങ്ങള്‍ സ്വന്തം വാക്കില്‍ പുസ്തകത്തില്‍ വിവരിക്കുന്നുവെന്നതാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. ഹാര്‍ഡ്‌ബോര്‍ഡില്‍ നിര്‍മിച്ച പുസ്തകത്തിന് 694 പേജുകളും 43 അധ്യായങ്ങളുമാണുള്ളത്.
ഈ വര്‍ഷം അവസാനത്തോടെ പുസ്തകത്തിന്റെ ജര്‍മന്‍, സ്പാനിഷ് വിവര്‍ത്തനങ്ങള്‍ പുറത്തിറങ്ങും. ശൈഖ് സായിദിന്റെ കാര്‍ഷിക താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ഒരു പുസ്തകവും ഈ വര്‍ഷം അവസാനത്തോടെ പ്രസിദ്ധീകരിക്കാന്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ പ്രമുഖ ബുക്ക് സ്റ്റോളുകളില്‍ പുസ്തകം ലഭ്യമായിരിക്കുമെന്നും വില്‍സണ്‍ പറഞ്ഞു.