Connect with us

Wayanad

ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; അങ്കണ്‍വാടി ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

Published

|

Last Updated

കല്‍പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള അങ്കണ്‍വാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് ഫെഡറേഷന്‍ നാലുദിവസമായി വയനാട് കലക്ടറേറ്റിന് മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സാമൂഹ്യനീതി മന്ത്രി എം കെ മുനീര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് ഫെഡറേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വര്‍ധിപ്പിച്ച ഓണറേറിയം ഏപ്രില്‍ മുതലുള്ള കുടിശിക ഉള്‍പ്പെടെ ഈ മാസത്തെ വേതനത്തോടൊപ്പം നല്‍കാമെന്ന് മന്ത്രി ഉറപ്പുനല്‍കി. മറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നും ഇതുസംബന്ധിച്ച് പതിനേഴിന് വൈകുന്നേരം മൂന്നിന് ഫെഡറേഷന്‍ നേതാക്കളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്താമെന്നും മന്ത്രി ഉറപ്പുനല്‍കിയെന്ന് ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വി പി ശോശാമ്മ, സെക്രട്ടറി ടി ഉഷാകുമാരി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പതിനേഴിന് നടത്തുന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 18 മുതല്‍ സെക്രട്ടറിയേയറ്റില്‍ നിരാഹാര സമരം ആരംഭിക്കും. ഇതില്‍യാതൊരു വിട്ട് വീഴ്ചയും ഉണ്ടാവില്ല. ഫെഡറേഷന്‍ ഒരു സ്വതന്ത്ര സംഘടനയാണ്. അത് കൊണ്ട് തന്നെ അവകാശങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കുന്ന പ്രശ്‌നമില്ലെന്നും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി നടത്തിയ സമരത്തിന് നാനാ മേഖലകളില്‍ നിന്നും വന്‍ പിന്തുണയാണ് ലഭിച്ചത്. സംസ്ഥാനത്ത് തന്നെ ഫെഡറേഷന്‍ നടത്തിയ സമരം ശ്രദ്ധയാകര്‍ഷിച്ചു. സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കം ഇടപെട്ടു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കേണ്ടതില്ലെന്നായിരുന്നു ഫെഡറേഷന്റെ നിലപാട്. അനിശ്ചിതകാല സമരം നടത്തിയ എന്‍ എസ് ബിന്ദു, പി ആര്‍ സരസമ്മ, അന്നക്കുട്ടി വര്‍ഗീസ്, എം കെ ഷൈനി എന്നിവരെ ആരോഗ്യ സ്ഥിതിവഷളായതിനെ തുടര്‍ന്ന് പൊലീസ് വെളളിയാഴ്ച അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. തുടര്‍ന്ന് നാല് പേര്‍ സമരം ആരംഭിച്ചു. ഇന്നലെ സമര പന്തലില്‍ എം.ഐ. ഷാനവാസ് എംപി സമരക്കാരെ സന്ദര്‍ശിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് ഇന്നലെ രാവിലെ കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയില്‍ മന്ത്രി വാക്കാല്‍ നല്‍കിയ ഉറപ്പ് വിശ്വസിച്ചാണ് സമരം പിന്‍വലിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു.
തുച്ഛമായ വേതനമാണ് അങ്കണ്‍വാടി ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. 2500 രൂപ ഹെല്‍പ്പര്‍മാര്‍ക്കും 4000 രൂപ വര്‍ക്കര്‍മാര്‍ക്കും ലഭിക്കുന്നുണ്ട്.
കഴിഞ്ഞ 37 വര്‍ഷമായി വേതന വര്‍ധനവിന് വേണ്ടി പോരാടുന്നു.
ഹെല്‍പ്പര്‍ക്ക് 7500 രൂപയായും വര്‍ക്കര്‍മാര്‍ക്ക് 10,000 രൂപയായും ഉയര്‍ത്തണമെന്നതാണ് ജീവനക്കാരുടെ ആവശ്യം.
വാര്‍ത്താസമ്മേളനത്തില്‍ അല്ലിമാത്യു, സീതാലക്ഷ്മി, പി എം മായ, അന്നക്കുട്ടി വര്‍ഗീസ്, എന്‍ എസ് ബിന്ദു, പി ആര്‍സരസ്വതി എന്നിവരും പങ്കെടുത്തു.

---- facebook comment plugin here -----

Latest