Connect with us

International

ഇറാന്‍ പ്രസിഡന്റിന് ഖാംനഇയുടെ പിന്തുണ

Published

|

Last Updated

ടെഹ്‌റാന്‍: അമേരിക്കയുമായി പ്രസിഡന്റ് ഹസന്‍ റൂഹാനിയെടുക്കുന്ന നിലപാടിനെ പിന്തുണക്കുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയുത്തല്ല അലി ഖാംനഇ. ആണവോര്‍ജ വിഷയത്തില്‍ റൂഹാനി സ്വീകരിക്കുന്ന മിതവാദ സമീപനം അംഗീകരിക്കുന്നുവെന്നും പ്രസിഡന്റിന്റെ യു എന്‍ പ്രസംഗം സ്വാഗതാര്‍ഹമായിരുന്നുവെന്നും ഖാംനഇ വ്യക്തമാക്കി. എന്നാല്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയോട് സംസാരിച്ചതടക്കമുള്ള ചില കാര്യങ്ങള്‍ ആവശ്യമായിരുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. റൂഹാനിയുടെ നിലപാട് അമേരിക്കയെ പിന്തുണക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ച് രാജ്യത്ത് സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ് അടക്കം വിമര്‍ശവുമായി രംഗത്തുള്ള സാഹചര്യത്തിലാണ് പരമോന്നത നേതാവിന്റെ വിശദീകരണം. ഖാംനഈയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇക്കാര്യം വിശദീകരിച്ചത്.
ആണവോര്‍ജ വിഷയത്തില്‍ ഇറാന്റെ നിലപാട് വ്യത്യസ്തമായ രൂപത്തില്‍ വ്യക്തമാക്കുകയാണ് റൂഹാനി ചെയ്യുന്നതെന്നും എന്നാല്‍ അമേരിക്കയോടുള്ള ഇറാന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റമില്ലെന്നും ഖാംനഇയുടെ വക്താവ് അറിയിച്ചു. ഇറാന്റെ ആണവോര്‍ജ വിഷയവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ റൂഹാനി പങ്കെടുക്കുമെന്നും ഖാംനഇ അറിയിച്ചു.
യു എസുമായുള്ള നയതന്ത്ര ബന്ധത്തില്‍ മുന്‍ പ്രസിഡന്‍രുമാരില്‍ നിന്ന് വ്യത്യസ്തമായി നിലാപാട് സ്വീകരിക്കുന്ന റൂഹാനിക്ക് മന്ത്രിസഭയിലും നയതന്ത്ര മേഖലയിലും പിന്തുണയുണ്ട്. ഈ വിഷയത്തില്‍ ഖാംനഇയും റൂഹാനിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ രാജ്യത്തെ പ്രക്ഷോഭങ്ങള്‍ അവസാനിക്കുമെന്നാണ് കണക്കു കൂട്ടല്‍.
സെപ്തംബര്‍ അവസാനവാരം റൂഹാനി നടത്തിയ യു എസ് സന്ദര്‍ശനവും യു എന്നിലെ പ്രസംഗവും വന്‍ വിവാദത്തിന് കാരണമായിരുന്നു. സന്ദര്‍ശനത്തിനിടെ, ആണവോര്‍ജ വിഷയത്തില്‍ അമേരിക്കയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ റൂഹാനിയുമായി ഒബാമ ഫോണില്‍ സംസാരിക്കുകയും പതിനഞ്ച് മിനുട്ട് ദീര്‍ഘ നേരം സംഭാഷണം നടത്തുകയും ചെയ്തിരുന്നു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇറാന്‍ പ്രസിഡന്റ് യു എസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തുന്നത്.