Connect with us

Gulf

ഷാര്‍ജയില്‍ കെട്ടിട വാടക കുത്തനെ കൂട്ടുന്നു; താമസക്കാര്‍ ദുരിതത്തില്‍

Published

|

Last Updated

ഷാര്‍ജ: കെട്ടിട വാടക കുത്തനെ കൂട്ടാനുള്ള നീക്കം താമസക്കാരെ ദുരിതത്തിലാക്കുന്നു. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലാണ് കെട്ടിട വാടക കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. ഫഌറ്റുകള്‍ക്കും മറ്റും 5,000 ദിര്‍ഹം വരെയാണ് വാടക വര്‍ധനവെന്നാണ് സൂചന. താമസ സ്ഥലങ്ങളുടെ നിവിലുള്ള കരാറുകള്‍ പുതുക്കുന്ന വേളയിലാണ് വാടക കൂട്ടുന്ന വിവരം താമസക്കാര്‍ അറിയുന്നത്. പ്രധാന താമസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങള്‍ക്കെല്ലാം വാടക വര്‍ധനവുണ്ടെന്നാണ് വിവരം.
പ്രധാന റസിഡന്‍ഷ്യല്‍ മേഖലകളായ അല്‍ നഹ്ദ, അല്‍ താവൂന്‍, അല്‍ കാസിമിയ എന്നിവിടങ്ങളിലെല്ലാം വാടക വര്‍ധനവുണ്ട്. താനും കുടുംബവും താമസിക്കുന്ന ഫഌറ്റിനും 5,000 ദിര്‍ഹം വാടക കൂട്ടുമെന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് വിവരം ലഭിച്ചതായി അല്‍ നഹ്ദയിലെ മലയാളിയായ ഒരു താമക്കാരന്‍ പറഞ്ഞു. അല്‍ താവൂന്‍ മേഖലയില്‍ താമസിക്കുന്ന ഒരു അധ്യാപികയും വാടക വര്‍ധനവിനെ കുറിച്ച് സൂചന നല്‍കി.
വാടക വര്‍ധനവ് കുറഞ്ഞ വരുമാനക്കാരെയാണ് ഏറെ വിഷമത്തിലാക്കുന്നത്. കുറഞ്ഞ ശമ്പളത്തിനു തൊഴിലെടുക്കുന്നവര്‍ക്ക് ഭീമമായ വാടക നല്‍കി കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംജാതമാവുക. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്താലും ദൈനംദിന ചെലവും മക്കളുടെ പഠന ചെലവും കൂടിയാകുമ്പോള്‍ നല്ലൊരു തുകയാവും പ്രതിമാസം ചെലവു വരിക. വാടക വര്‍ധന കുടുംബ ബജറ്റ് താളം തെറ്റും. വാടക വര്‍ധനവിനെ തുടര്‍ന്ന് പലരും കുടുംബങ്ങളെ നാട്ടിലേക്കയക്കാന്‍ തയാറെടുക്കുകയാണെന്നറിയുന്നു.
കുറഞ്ഞ വരുമാനക്കാരായ ബാച്ചിലേഴ്‌സിനും വാടക വര്‍ധനവ് കനത്ത ആഘാതമാവും. പാചക വാതക സിലിണ്ടര്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയും വര്‍ധിച്ചുവരികയാണ്. മത്സ്യവും ഇതിലെ പ്രധാന ഘടകമാണ്. അതേസമയം പൈപ്പ് ലൈന്‍ വഴി താമസ സ്ഥലത്ത് എത്തുന്ന പ്രകൃതി വാതകത്തിനു വില കുറവാണ്. എന്നാല്‍ എല്ലാ കെട്ടിടങ്ങളിലും പ്രകൃതി വാതകം ലഭിക്കുന്നതിനുള്ള സൗകര്യവുമില്ല. പച്ചക്കറികളുടെ വിലയിലും കുറവില്ല. ഒരു ദിര്‍ഹമിനു ലഭിച്ചിരുന്ന സവാളക്ക് ഇപ്പോള്‍ 4.50 ദിര്‍ഹം വരെയാണ് വില. തക്കാളിയുടെ സ്ഥിതിയും മറിച്ചല്ല. വാടക വര്‍ധന പ്രാബല്യത്തില്‍ വരുന്നതിനു കുറഞ്ഞ വാടകക്ക് താമസ സ്ഥലങ്ങള്‍ക്കായുള്ള അന്വേഷണത്തിലാണ് പലരും.

 

Latest