Connect with us

Kerala

സംസ്ഥാനത്ത് മൂന്ന് മേയര്‍മാര്‍ നിയമം ലംഘിക്കുന്നു

Published

|

Last Updated

കൊല്ലം: ഗതാഗത വകുപ്പിന്റെ ഉത്തരവുണ്ടായിട്ടും ഔദ്യോഗിക വാഹനത്തിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റ് നീക്കാതെ സംസ്ഥാനത്തെ മൂന്ന് കോര്‍പറേഷന്‍ മേയര്‍മാര്‍ നിയമ ലംഘനം നടത്തുമ്പോഴും ഇത് തടയാന്‍ നടപടിയില്ല. മേയര്‍മാരുടെ ഔദ്യോഗിക വാഹനത്തിലെ ചുവപ്പ് ബീക്കണ്‍ ലൈറ്റ് നീക്കി പകരം നീല ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കണമെന്ന് ഗതാഗത വകുപ്പിന്റെ ഉത്തരവിറങ്ങി ഒരു വര്‍ഷം തികയാറായിട്ടും നിയമലംഘനം തുടരുകയാണ്. കൊല്ലം കോര്‍പറേഷന്‍ മേയര്‍ പ്രസന്നാ ഏണസ്റ്റ്, കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ എ കെ പ്രേമജം, തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. കെ ചന്ദ്രിക എന്നിവരാണ് ഗതാഗത വകുപ്പിന്റെ ഉത്തരവ് ലംഘിക്കുന്നത്.
പ്രസന്നാ ഏണസ്റ്റിന്റെ കാറില്‍ ഘടിപ്പിച്ച ചുവപ്പ് ബീക്കണ്‍ ലൈറ്റ് ഉടന്‍ നീക്കം ചെയ്യണമെന്ന് കാണിച്ച് കോര്‍പറേഷന്‍ സെക്രട്ടറിക്ക് ആര്‍ ടി ഒ നോട്ടീസ് അയച്ചിട്ടുണ്ട്. ലൈറ്റ് മാറ്റിയില്ലെങ്കില്‍ കോഴിക്കോട് മേയര്‍ എ കെ പ്രേമജത്തിന് നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് ട്രാഫിക് പോലീസ്.
2012 നവംബര്‍ 15ന് പ്രസിദ്ധീകരിച്ച ഗതാഗതവകുപ്പിന്റെ ഗസറ്റ് വിജ്ഞാപനത്തില്‍ (ജി ഒ പി നമ്പര്‍ 67-2012) ചുവപ്പ്, നീല ബീക്കണ്‍ ലൈറ്റുകളും മള്‍ട്ടി കളര്‍ ബീക്കണ്‍ ലൈറ്റുകളും ഉപയോഗിക്കാവുന്ന വിഭാഗങ്ങളെ വ്യക്തമായി വേര്‍തിരിച്ചിട്ടുണ്ട്. ഒന്നാം പട്ടികയില്‍ പെട്ട 18 പേര്‍ക്ക് മാത്രമാണ് ചുവപ്പ് ബീക്കണ്‍ ഉപയോഗിക്കാനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, സ്പീക്കര്‍, ചീഫ് ജസ്റ്റിസ്, മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് (നിയമസഭ), ഗവ. ചീഫ് വിപ്പ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഹൈക്കോടതി ജഡ്ജിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് സെക്രട്ടറിയടക്കമുള്ളവരാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുന്നത്.
ഫഌഷ് സംവിധാനത്തോടെ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാവുന്നവരെ പട്ടിക രണ്ടിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയില്‍ അഞ്ചാമതാണ് മേയര്‍മാര്‍.
ചട്ട വിരുദ്ധമായി മേയര്‍മാര്‍ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് കഴിഞ്ഞ ജൂണ്‍ 28ന് കോര്‍പറേഷന്‍ സെക്രട്ടറിമാര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇത്തരം ലൈറ്റുകള്‍ നീക്കാന്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി ജി പി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇത് സംബന്ധിച്ച് പോലീസിന് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്നാണ് മേയര്‍മാരുടെ നിലപാട്. മേയര്‍മാര്‍ ചുവന്ന ലൈറ്റ് മാറ്റി നീല ബീക്കണ്‍ ലൈറ്റാക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിനെ പരസ്യമായി എതിര്‍ത്ത് രംഗത്ത് വന്നത് തിരുവനന്തപുരം മേയര്‍ കെ ചന്ദ്രികയായിരുന്നു.
ചുവപ്പ് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം മേയര്‍ പ്രസന്നാ ഏണസ്റ്റിന്റെ കാര്‍ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.