Connect with us

Malappuram

അതിജീവനം തേടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

Published

|

Last Updated

എല്ലായിടത്തും ചെറിയ കുട്ടികള്‍ രാവിലെ ഒമ്പതോടെയാണ് എല്‍ പി സ്‌കൂളുകളിലേക്ക് പോകുക. എന്നാല്‍ വണ്ടൂര്‍ ഗേള്‍സ് സ്‌കൂളിലെ എല്‍ പി ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഈ നേരത്ത് പോയാല്‍ സ്‌കൂളില്‍ കയറ്റില്ല.  ഇവരുടെ ക്ലാസില്‍ ഈസമയം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് കാണാനാകുക.
കാലം ഏറെ കഴിഞ്ഞെങ്കിലും ഇവിടെയിപ്പോഴും ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസുകള്‍.   എട്ട്, ഒമ്പത് ക്ലാസുകള്‍ രാവിലെ 8.45 മുതല്‍ ഉച്ചക്ക് 12.45 വരെയും ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകള്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകീട്ട് അഞ്ച് വരെയുമാണ് പ്രവര്‍ത്തി സമയം. കഴിഞ്ഞ 33 വര്‍ഷത്തോളമായി ഇതാണ് സ്ഥിതി. ജില്ലയില്‍ ഷിഫ്റ്റ് സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുന്ന അപൂര്‍വം സ്‌കൂളുകളിലൊന്നാണ് വണ്ടൂര്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.
വിദ്യാര്‍ഥികള്‍ക്ക് അനുസരിച്ച് ക്ലാസ് മുറികളില്ലാത്തതാണ് ഇവിടത്തെ പോരായ്മ. ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെങ്കില്‍ 26 ക്ലാസ് മുറികളെങ്കിലും വേണം. ഇതിനുള്ള ശ്രമങ്ങള്‍ക്ക് അടുത്തിടെ തുടക്കമായിട്ടുണ്ടെന്നത് ആശാവഹമാണ്. 2006 ജനുവരി 28നാണ് വണ്ടൂര്‍ ആസ്ഥാനമായി ജില്ലയിലെ മൂന്നാമത്തെ വിദ്യാഭ്യാസ ജില്ല പ്രവര്‍ത്തനം ആരംഭിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഇ ടി മുഹമ്മദ് ബഷീറാണ് ഉദ്ഘാടനം ചെയ്തത്. പിന്നീട് രണ്ടു സര്‍ക്കാറുകള്‍ ഭരണം മാറിയിട്ടും ഡി ഇ ഒ ഓഫീസ് വളര്‍ച്ചയുടെ കാര്യത്തില്‍ വട്ടപൂജ്യമാണ്. എട്ട് വര്‍ഷത്തോളമായി സ്വന്തം കെട്ടിടം പോലുമാകാതെയാണ് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. വണ്ടൂര്‍, നിലമ്പൂര്‍, മേലാറ്റൂര്‍, അരീക്കോട് ഉപജില്ലകള്‍ വണ്ടൂര്‍ ഡി ഇ ഒ യുടെ പരിധിയിലാണ്.
പി ഡബ്ല്യു ഡിയുടെ താത്കാലിക കെട്ടിടത്തിലാണ് ഈ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ മഴ പെയ്താല്‍ ഓഫീസ് വെള്ളത്തിലാകും. കഴിഞ്ഞ വര്‍ഷം മഴ കൊള്ളാതിരിക്കാന്‍ ജീവനക്കാര്‍ സ്വന്തം പണം ചെലവാക്കി താര്‍പോളിന്‍ഷീറ്റിട്ട് മറച്ചാണ് താത്കാലിക ആശ്വാസം കണ്ടെത്തിയത്. ചിതലും കോട്ടെരുമയും നിറയെ. ഉദ്യോഗസ്ഥര്‍ക്ക് ഇരിക്കാനും നാല് ഉപജില്ലകളിലെ രേഖകള്‍ സൂക്ഷിക്കാനും മതിയായ സൗകര്യങ്ങളുമില്ല.  വേണ്ടത് ഡി ഇ ഒക്ക് പി എക്കും പുറമേ 12 ക്ലര്‍ക്ക്, രണ്ടു ജൂനിയര്‍ സൂപ്രണ്ട്, രണ്ട് ടൈപ്പിസ്റ്റ്, ഒരു റിക്കോര്‍ഡ് അസിസ്റ്റന്റ്, നാല് ക്ലാസ്‌ഫോര്‍ ജീവനക്കാര്‍ എന്നിങ്ങനെയാണെങ്കിലും ഉള്ളത് നേര്‍പകുതി. ബുക്ക് ഡിപ്പോയും അനുബന്ധ സംവിധാനങ്ങളും ഇപ്പോഴും സ്വപ്‌നമായി അവശേഷിക്കുന്നു. ഡി ഇ ഒ ഓഫീസിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ പദ്ധതിയും കെട്ടിട പ്ലാനുമെല്ലാം സമര്‍പ്പിച്ചെങ്കിലും ഇവയും ഫയലില്‍ ഉറങ്ങുകയാണിപ്പോള്‍.

---- facebook comment plugin here -----

Latest