Connect with us

Gulf

രണ്ടു വര്‍ഷത്തിനകം അബുദാബിയില്‍ ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ സ്ഥാപിക്കും

Published

|

Last Updated

അബുദാബി: 15,000 സീറ്റ് ഉറപ്പാക്കി അടുത്ത രണ്ടു വര്‍ഷത്തിനകം തലസ്ഥാനത്ത് ആറ് ഇന്ത്യന്‍ സ്‌കൂളുകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 15 വില്ല സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷത്തോടെ അടച്ചുപൂട്ടുന്നത് പരിഗണിച്ചാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്ത് വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍ (എ ഡി ഇ സി) തീരുമാനിച്ചിരിക്കുന്നത്. വില്ല സ്‌കൂളുകള്‍ അടക്കാനുള്ള തീരുമാനം തലസ്ഥാനത്തെ രക്ഷിതാക്കളില്‍ കടുത്ത ആശങ്കക്ക് ഇടയാക്കിയിരുന്നു.
എ ഡി ഇ സിയുടെ സുരക്ഷാ മാനദണ്ഡങ്ങളും ആവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ വിമുഖത കാണിച്ച വിദ്യാലയങ്ങളാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടുത്താന്‍ എ ഡി ഇ സി നിരവധി തവണ ഈ വിദ്യാലയങ്ങളോട് ആവശ്യപ്പെടുകയും സമയം നീട്ടി നല്‍കുകയും ചെയ്തിരുന്നു. എന്നിട്ടും അടിസ്ഥാന സൗകര്യം ഉള്‍പ്പെടെയുള്ളവ മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങളാണ് അടച്ചുപൂട്ടുന്നത്. അടച്ചുപൂട്ടുന്ന വിദ്യാലയങ്ങളില്‍ ഇന്ത്യന്‍ വിദ്യാലയങ്ങളും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ഥാനപതി എം കെ ലോകേഷുമായി നടത്തിയ ചര്‍ച്ചയിലാണ് പകരം വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കാന്‍ എ ഡി ഇ സി തീരുമാനിച്ചത്.
15 വില്ല സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചവയില്‍ എഴും ഇന്ത്യന്‍ വിദ്യാലയങ്ങളാണ്. ഇതില്‍ തലസ്ഥാനത്തെ ഇന്ത്യക്കാരില്‍ പ്രത്യേകിച്ചും മലയാളികളില്‍ കടുത്ത ആശങ്കക്ക് ഇടയാക്കുകയും പ്രശ്‌നത്തില്‍ ഇന്ത്യന്‍ എംബസി ക്രിയാത്മകമായി ഇടപെടണമെന്ന് ആവശ്യം ഉയരുകയും ചെയ്തിരുന്നു.
വിദ്യാലയങ്ങള്‍ അടക്കുന്നതോടെ 5,854 വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിനാണ് ഭീഷണി ഉയര്‍ന്നിരുന്നത്. വിദ്യാലയം അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കിടയിലാണ് പൂര്‍ത്തിയാകുക എങ്കിലും നിലവില്‍ അടുത്ത അധ്യയന വര്‍ഷത്തോടെ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ഇന്ത്യന്‍ ഇസ്‌ലാഹി ഇസ്‌ലാമിക് സ്‌കൂളും ലിറ്റില്‍ ഫഌവര്‍ പ്രൈവറ്റ് സ്‌കൂളും പൂട്ടുന്നത് രക്ഷിതാക്കള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന ആശങ്കക്ക് ഇതും വിരാമമിടില്ലെന്നാണ് സൂചന. എന്നാല്‍ ഇതിനു ഫലപ്രദമായ സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചതായി നേരത്തെ എ ഡി ഇ സി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് ഈ വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയും എ ഡി ഇ സി ഡയറക്ടര്‍ ജനറല്‍ ഡോ. മുഗീര്‍ അല്‍ ഖൈലിയും കൂടിക്കാഴ്ച നടത്തിയത്. അബുദാബി സര്‍ക്കാറിന് വിഷയത്തിന്റെ ഗൗരവം അറിയാമെന്നും ഇന്ത്യക്കാര്‍ നാടിനായി ചെയ്ത സംഭാവനകള്‍ വിസ്മരിക്കാവുന്നതല്ലെന്നും ഡോ. മുഗീര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു.