Connect with us

Thrissur

വിയ്യൂര്‍ ജയിലില്‍ ഭക്ഷ്യ വിഷബാധ: 46 പേര്‍ ആശുപത്രിയില്‍

Published

|

Last Updated

തൃശൂര്‍: ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് വിയ്യൂര്‍ ജയിലിലെ തടവുകാരായ 46 പേരെ മെഡിക്കല്‍ കോളജിലും ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗാന്ധി ജയന്തി ദിനമായ ഇന്നലെ രാവിലെ സ്‌പെഷല്‍ ഭക്ഷണമായ പൂരിയും ഉരുളക്കിഴങ്ങ് കറിയും വിതരണം ചെയ്തിരുന്നു. ഇതു കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഛര്‍ദിയും വയറുവേദനയും അനുഭവപ്പെട്ട ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജയില്‍ ജീവനക്കാരും തടവുകാരുമടക്കം 900 പേരാണ് ഇവിടെ നിന്നും ഇന്നലെ ഭക്ഷണം കഴിച്ചത്. തടവുകാരില്‍ മൂന്ന് എന്‍ ഐ എ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതെസമയം ജയിലില്‍ നിന്നും പുറത്തുവരുന്ന ഫ്രീഡം ചപ്പാത്തി, ചില്ലി ചിക്കണ്‍, ചിക്കണ്‍ കറി, മുട്ടക്കറി, ബേക്കറി സാധനങ്ങള്‍ എന്നിവയെല്ലാ വേറെ അടുക്കളയില്‍ നിന്ന് പാചകം ചെയ്യുന്നതിനാല്‍ ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ സാധ്യതയില്ലെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കി. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തടവുകാരില്‍ ഒരാളെ ബി പി കുറഞ്ഞത് മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ജയിലിലെ രണ്ട് ബ്ലോക്കുകളിലായുള്ള തടവുകാര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിട്ടുള്ളത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ ആശങ്കപ്പെടാനുള്ള സാഹചര്യമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിയ്യൂര്‍ എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest