Connect with us

National

ശിക്ഷാ വിധി ഇന്ന്: ലാലുവിന് ജയിലില്‍ വി ഐ പി പരിചരണം

Published

|

Last Updated

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ച ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന് ജയിലില്‍ വി ഐ പി പരിചരണം. ഇതോടെ മറ്റു തടവുകാരില്‍ നിന്ന് വ്യത്യസ്തമായി ലാലുവിന് എല്ലാ വിധ സുഖസൗകര്യങ്ങളും ലഭിക്കും. അതേസമയം, കേസില്‍ ഇന്നാണ് കോടതി ശിക്ഷ വിധിക്കുക.
മുന്തിയ തരം അരി, നല്ല പച്ചക്കറികള്‍, മത്സ്യം, ആട്, കോഴി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍, രണ്ട് പാചകക്കാരും ഉള്‍പ്പെടുന്ന മെച്ചപ്പെട്ട സൗകര്യങ്ങളുള്ള സെല്ലാണ് ലാലുവിനായി അനുവദിച്ചിട്ടുള്ളത്. ആവശ്യമെങ്കില്‍ പുറത്ത് നിന്ന് ഭക്ഷണം കൊണ്ടു വരുന്നതിനുള്ള സൗകര്യവുമുണ്ട്. സഹ തടവുകാരുമായി കൂടുതല്‍ സമയം ചെലവഴിക്കാം. ദീര്‍ഘമായ സന്ദര്‍ശക സമയവും ലാലുവിന് ജയിലില്‍ ലഭിക്കും. ഇഷ്ടമുള്ള പുസ്തകങ്ങളും പത്രങ്ങളും മാസികകളും ലഭിക്കും. ഇതിന്റെ ഭാഗമായി ലാലുവിന് ജയിലില്‍ ഭഗവത് ഗീത ലഭിച്ചു. ആര്‍ ജെ ഡിയുടെ മുതിര്‍ന്ന നേതാവും പാര്‍ലിമെന്റ് അംഗവുമായ രഘുവന്‍സ് പ്രസാദ് സിംഗ് ലാലുവിനെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഭഗവത് ഗീത സമ്മാനിക്കുകയായിരുന്നു. മഹാത്മജി എപ്പോഴും കുടെ കൊണ്ടുനടന്നിരുന്ന ഗ്രന്ഥമാണ് ഭഗവത് ഗീത എന്ന് സിംഗ് അനുസ്മരിച്ചു.
മൂന്ന് മുതല്‍ ഏഴ് വരെ വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചേക്കാവുന്ന ശിക്ഷയാണ് 17 വര്‍ഷം മുമ്പ് നടന്ന കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു നേരിടാനിരിക്കുന്നത്.

 

Latest