Connect with us

Gulf

'എക്‌സ്‌പോ 2020' ദുബൈക്ക് സാധ്യത ഏറെയെന്ന് റിപ്പോര്‍ട്ട്

Published

|

Last Updated

ദുബൈ: ലോക വ്യാപാരമേളയായ എക്‌സ്‌പോ 2020ന് മറ്റു നഗരങ്ങളെക്കാള്‍ അര്‍ഹത ദുബൈക്കാണെന്ന് സര്‍വേ. 28 രാജ്യങ്ങളിലുള്ള 1,000 പ്രമുഖ കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് എക്‌സ്‌പോ 2020 ആതിഥ്യത്തിന് മറ്റു നഗരങ്ങളെക്കാള്‍ ദുബൈയുടെ അര്‍ഹത വ്യക്തമായിരിക്കുന്നത്.

അന്താരാഷ്ട്ര ബിസിനസ് സെന്ററായ അലയന്‍സ് ആഗോള വ്യാപാര സമൂഹത്തില്‍ നടത്തിയ സര്‍വേയിലാണ് മത്സരിക്കുന്ന മറ്റു രാജ്യങ്ങളെ പിന്തള്ളി ദുബൈ മുന്നിട്ട് നില്‍ക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 1,000 പ്രമുഖ കമ്പനികളുടെ ഡയറക്ടര്‍മാരില്‍ 57 ശതമാനവും ദുബൈയുടെ അര്‍ഹത എടുത്തു പറഞ്ഞതായി സര്‍വേ ഫലം വെളിപ്പെടുത്തുന്നു. ദുബൈക്ക് പുറമെ പ്രമുഖ നഗരങ്ങളായ എസ്മര്‍ (തുര്‍ക്കി), സാവോപോളോ (ബ്രസീല്‍), എകാതറിന്‍ ബര്‍ഗ് (റഷ്യ) എന്നിവയാണ് എക്‌സ്‌പോ 2020ന് വേദിയാകാന്‍ മത്സരിക്കുന്നത്.
ഇതില്‍ എകാതറിന്‍ ബര്‍ഗ് 18 ശതമാനവും സാവോപോളോ 14 ശതമാനവും എസ്മര്‍ 11 ശതമാനവും വോട്ടുകളെ നേടിയുള്ളൂ. യൂറോപ്പ്, തെക്കേ അമേരിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ 28 രാജ്യങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട സര്‍വേ നടത്തിയത്. ഇതിനു പുറമെ ആസ്‌ത്രേലിയയും ചില ഏഷ്യന്‍ രാജ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അലയന്‍സ് വ്യക്തമാക്കി. മത്സര രംഗത്തുള്ള ബ്രസീല്‍, റഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളും സര്‍വേയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ലോകത്ത് മറ്റെവിടെയും കാണാത്ത സാംസ്‌കാരിക വൈവിധ്യവും സാമ്പത്തിക മുന്നേറ്റവുമാണ് ദുബൈയെ എക്‌സ്‌പോ ആതിഥ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സര്‍വേയില്‍ പങ്കെടുത്തവരെ പ്രേരിപ്പിച്ചത്.
ദുബൈയിലുള്ള ആധുനിക പശ്ചാത്തല സൗകര്യവും ആഗോള സാമ്പത്തിക-ടൂറിസം കേന്ദ്രമെന്ന ഖ്യാതിയും ദുബൈക്ക് വേണ്ടി വോട്ട് ചെയ്തവരെ സ്വാധീനിച്ചിട്ടുണ്ടെന്ന് അലയന്‍സ് അധികൃതര്‍ പറഞ്ഞു. 45 രാജ്യങ്ങളിലുള്ള 85 വന്‍ നഗരങ്ങളിലായി പരന്നു കിടക്കുന്ന 15,000 കമ്പനികള്‍ ഉള്‍ക്കൊള്ളുന്ന 650 ബിസിനസ് സെന്ററുകളാണ് അലയന്‍സിനു കീഴിലുള്ളത്.
അലയന്‍സിന്റെ റീജനല്‍ ചെയര്‍മാന്‍ ദുബൈയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എക്‌സ്‌പോ 2020ന്റെ മത്സരത്തില്‍ ദുബൈക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് ബ്രിട്ടന്‍ ഉള്‍പ്പെടെ ചില പ്രമുഖ രാജ്യങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു.