Connect with us

Malappuram

സ്വാതന്ത്ര്യസമര ഓര്‍മകളുമായി കാമാക്ഷിയമ്മ

Published

|

Last Updated

വള്ളിക്കുന്ന്: സ്വാതന്ത്ര്യസമര കാലത്ത് ഖാദി പ്രചാരണം നടത്തിയ ഓര്‍മകളുമായി വള്ളിക്കുന്നിലെ ആറ്റുകളത്തില്‍ കുനിയഞ്ചേരി കാമാക്ഷിയമ്മ. നവതിയോട് അടുക്കാറായിട്ടും ഖാദി പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന ചര്‍ക്ക ഒരു നിധിപോലെ സൂക്ഷിക്കുകയാണ് ഇവര്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി കേന്ദ്രീകരിച്ചായിരുന്നു കാമാക്ഷിയമ്മ ഖാദി പ്രചാരണത്തിന് തുടക്കമിട്ടത്.
ചര്‍ക്കയില്‍ നൂറ്റ നൂല്‍ ഉപയോഗിച്ച് ഉണ്ടാക്കിയ വസ്ത്രങ്ങള്‍ വിതരണം ചെയ്താണ് ഗാന്ധിജിയുടെ ആഹ്വാനപ്രകാരമുള്ള വിദേശ വസ്ത്ര ബഹിഷ്‌കരണത്തിന് ജനങ്ങളെ ബോധവാന്‍മാരാക്കിയത്. എ വി കുട്ടിമാളു അമ്മയോടൊപ്പം ഖാദി പ്രചാരണ പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യത്തിലാണിവര്‍. സ്വാതന്ത്ര്യസമര കാലത്ത് ഖാദി പ്രചാരണം നടത്തിയവര്‍ ഖാദി-ഹിന്ദി സ്വാതന്ത്ര്യസമര സേനാനികള്‍ എന്നാണ് അറിയപ്പെടുന്നത്. ഖാദി പ്രചാരണവും ഹിന്ദി പ്രചാരണവും നടത്തുകയും തടവില്‍ കഴിയുന്ന സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് സന്ദേശം കൈമാറുകയും അവര്‍ക്ക് ഭക്ഷണം എത്തിക്കുകയുമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ഇത്തരത്തില്‍ സ്വാതന്ത്ര്യസമരത്തില്‍ ഭാഗവാക്കായിട്ടും നാമമാത്രമായ സ്വാതന്ത്യസമര പെന്‍ഷന്‍ മാത്രമാണ് ലഭിക്കുന്നത്. മരിക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യസമര സേനാനികളുടെ ആനുകൂല്യങ്ങളും അംഗീകാരവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാമാക്ഷിയമ്മ.