സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം അവാര്‍ഡ് യു കൃഷ്ണനുണ്ണിക്ക്

Posted on: October 1, 2013 1:34 am | Last updated: October 1, 2013 at 1:34 am

മലപ്പുറം: സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരത്തിന് മാതൃഭൂമി എടപ്പാള്‍ ബ്യൂറോയിലെ യു കൃഷ്ണനുണ്ണി അര്‍ഹനായി. പഴയ ബസുകള്‍ എടപ്പാളിലെത്തിച്ച് ലേലം; കെ എസ് ആര്‍ ടി സി പാഴാക്കുന്നത് ലക്ഷങ്ങളുടെ ഡീസല്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. 11,111 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം ഈമാസം അഞ്ചിന് വൈകിട്ട് നാല് മണിക്ക് മലപ്പുറം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കേരള പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ ചെയര്‍മാനും മുന്‍ പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ പി ശ്രീനിവാസന്‍, ചന്ദ്രിക മുന്‍ പത്രാധിപര്‍ കെ പി കുഞ്ഞിമൂസ്സ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് മൂല്യനിര്‍ണയം നടത്തി വിജയിയെ നിശ്ചയിച്ചത്. ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മലപ്പുറം പി മൂസ അനുസ്മരണ സമ്മേളനത്തിലും തുടര്‍ന്ന് നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങിലും മന്ത്രിമാരായ പി കെ കുഞ്ഞിലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, പി ഉബൈദുല്ല എം എല്‍ എ, മുന്‍ മന്ത്രി പാലൊളി മുഹമ്മദ്കുട്ടി, നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ വി പി സുലഭ, സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് പി എ അലക്‌സാണ്ടര്‍, ജനറല്‍ സെക്രട്ടറി എ മാധവന്‍, സി ആര്‍ രാമചന്ദ്രന്‍, പ്രസ്് ക്ലബ്ബ് പ്രസിഡന്റ് അബ്ദുല്‍ലത്തീഫ് നഹ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 11 മണിക്ക് സീനിയര്‍ ഫോറം സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും നടക്കും.