Connect with us

Malappuram

സാങ്കേതിക കുരുക്കില്‍ അമര്‍ന്ന് പെരിന്തല്‍മണ്ണയുടെ സ്വപ്ന പദ്ധതികള്‍

Published

|

Last Updated

പെരിന്തല്‍മണ്ണക്കനുവദിച്ച സ്വപ്‌നപദ്ധതികളെല്ലാം സാങ്കേതിക കുരുക്കിലകപ്പെട്ട് ഇഴഞ്ഞു നീങ്ങുന്നു. അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലം, പെരിന്തല്‍മണ്ണയില്‍ നഗരസഭ നിര്‍മിക്കാനുദ്ദേശിക്കുന്ന മൂന്നാമത് ഹൈടെക് ബസ് സ്റ്റാന്‍ഡ്, പെരിന്തല്‍മണ്ണ താലൂക്ക് ഗവ.ആശുപത്രി മാതൃ-ശിശു പരിചരണ ബ്ലോക്ക്, പെരിന്തല്‍മണ്ണ കോടതി സമുച്ചയം, അലിഗഡ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രം, ടൂറിസം മേഖലക്ക് മുതല്‍കൂട്ടായി മാറുമെന്ന് പ്രഖ്യാപനം വന്ന അമ്മിനിക്കാടുള്ള കൊടികുത്തിമല, ഒട്ടേറെ കൊട്ടിഘോഷിച്ച വള്ളുവനാട് വികസന അതോറിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികളാണ് ചുവപ്പ്‌നാടകള്‍ക്ക് മുന്നില്‍ കുരുങ്ങി പുറത്ത് കയറാനാകാതെ കുരുങ്ങി കിടക്കുന്നത്.
അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാല നിര്‍മാണം പ്രവര്‍ത്തികള്‍ കഴിഞ്ഞ ഓണം ലീവ് കഴിഞ്തും ആരംഭിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തി ആരംഭിക്കാനായിട്ടില്ല. അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ റവന്യൂ അധികൃതര്‍ വേഗത്തിലാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല.
സ്ഥലം ഏറ്റെടുക്കാനായി 3.49 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഉത്തരവായതായും നടപടികള്‍ ത്വരിതപ്പെടുത്തുവാന്‍ മന്ത്രി എം അലി ജില്ലാകലക്ടര്‍ക്ക് നിര്‍ദേശവും മാസങ്ങള്‍ക്ക് മുമ്പ് തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മാത്രമേ മേല്‍പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ തുടങ്ങാനാകൂ. ഗതാഗതകുരുക്ക് കൊണ്ട് നഗരം വീര്‍പ്പ് മുട്ടുമ്പോഴും നഗരത്തിലെ രണ്ട് ബസ് സ്റ്റാന്‍ഡും യാത്രക്കാര്‍ക്കും ബസുടമകള്‍ക്കും വേണ്ടാത്ത സാഹചര്യമാണ് നിലവില്‍. ഇതിന് പരിഹാരമാകും വിധമാണ് മൂന്നാമത് ബസ് സ്റ്റാന്‍ഡ് എന്ന ആശയം ഉദിച്ചത്. നഗരസഭക്ക് സൗജന്യമായി ലഭിച്ച 3.5 ഏക്കര്‍ സ്ഥലത്ത് ബസ് സ്റ്റാന്‍ഡിനു വേണ്ടി വര്‍ഷങ്ങളോളമായി പൊതുജനങ്ങള്‍ കാത്തിരിക്കുന്നു. പ്ലാന്‍ അംഗീകാരം ലഭിക്കാത്തതാണ് വൈകാനിടയാക്കുന്നത്.
ജില്ലയിലെ തന്നെ ഏറ്റവും തിരക്കേറിയ ആശുപത്രികളിലൊന്നായ ഗവ.താലൂക്ക് ആശുപത്രിക്ക് മാതൃ-ശിശു സംരക്ഷണ വിഭാഗം പുതിയ കെട്ടിട നിര്‍മാണത്തിന് 2012 ഒക്‌ടോബറില്‍ 425 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് 4.88 കോടി രൂപ ചെലവില്‍ ഈ വാര്‍ഡ് നിര്‍മിക്കാനുള്ള സാങ്കേതികാനുമതി ലഭിച്ചതായുള്ള മന്ത്രിയുടെ മറ്റൊരറിയിപ്പും താമസിയാതെ ലഭിച്ചു. പിന്നീട് ഇതേ കുറിച്ച് യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല.
വള്ളുവനാട് വികസന അതോറിറ്റിയുടെ കാര്യവും വിഭിന്നമല്ല. പെരിന്തല്‍മണ്ണ മണ്ഡലത്തിലെ ഒട്ടോറെ പഞ്ചായത്തുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് മന്ത്രി എം അലിയുടെ പ്രത്യേക ഉത്സാഹത്തോടെ രൂപീകൃതമായ അതോറിറ്റി ഇന്നും ഒരു ഒഴുക്കന്‍ മട്ടിലാണ് നീങ്ങുന്നത്. തുടക്കത്തിലുണ്ടായിരുന്ന തിടുക്കം പിന്നീട് കണ്ടില്ല എന്നു മാത്രമല്ല അംഗങ്ങളുടെ ചേര്‍ത്തിരുത്തി ഒരു യോഗം വിളിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. പെരിന്തല്‍മണ്ണ കോടതി സമുച്ചയത്തിന് പത്ത് കോടി രൂപയുടെ സാങ്കേതികാനുമതി ലഭിച്ചിരുന്നതായി നേരത്തെ അറിയിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികളായില്ല.
ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അമ്മിനിക്കാടുള്ള കൊടികുത്തിമല ടൂറിസം പദ്ധതി ഇന്നും അസ്ഥാനത്ത് തന്നെ. മലക്ക് മുകളില്‍ ആകര്‍ഷണീയമായ കാഴ്ച ബംഗ്ലാവ് നിര്‍മിക്കാന്‍ നടപടികളാരംഭിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി അന്ന് പറഞ്ഞിരുന്നു. ഏതായാലും ഈ പദ്ധതികളെല്ലാം തന്നെ ഒന്നിന് പിറകെ ഒന്നായി വരുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.

Latest