മദ്യലഹരിയില്‍ ബൈക്കോടിച്ച് രണ്ട് പേരെ ഇടിച്ചിട്ട പോലീസുകാരന്‍ അറസ്റ്റില്‍

Posted on: October 1, 2013 1:19 am | Last updated: October 1, 2013 at 1:19 am

മാനന്തവാടി: മദ്യലഹരിയില്‍ ബൈക്കോടിച്ച് രണ്ടുപേരെ ഇടിച്ചിട്ട പോലീസുകാരന്‍ അറസ്റ്റിലായി. തലപ്പുഴ പൊലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തോമാട്ടുചാല്‍ സ്വദേശി പി രാജേഷിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാജേഷ് ഓടിച്ച ബൈക്ക് മാനന്തവാടി സെന്റ് ജോസഫ് ആശുപത്രി പരിസരത്ത് വെച്ച് കമ്മന ഞാറക്കുളങ്ങര സിസിലി സ്‌കറിയ (52)യെ ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോകുകയായിരുന്നു. വലതുകാല്‍ ഒടിഞ്ഞ സിസിലി സ്‌കറിയയെ നാട്ടുകാരാണ് പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിച്ചത്. ഓടിച്ചുപോയ ബൈക്ക് ബസ്റ്റാന്റ് പരിസരത്ത് വെച്ച് കരിങ്ങാലി പനങ്കുറ്റി വീട്ടില്‍ എം എ വിജയന്‍ (60) നെ ഇടിച്ചുവീഴ്ത്തി കടന്നുകളയാന്‍ ശ്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിജയനെ നാട്ടുകാര്‍ ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. രാജേഷിനെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.