അനാഥരായ സ്ത്രീകള്‍ക്കായി കണിയാമ്പറ്റയില്‍ മഹിളാ മന്ദിരം; ഉദ്ഘാടനം ഇന്ന്

Posted on: October 1, 2013 1:17 am | Last updated: October 1, 2013 at 1:17 am

കണിയാമ്പറ്റ: അനാഥരായ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി കണിയാമ്പറ്റയില്‍ നിര്‍മിച്ച മഹിളാമന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന്ഉച്ചയക്ക് 12 മണിക്ക് കമ്പളക്കാട് ഗവ. യൂ പിസ്‌കൂളില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം കെ മുനീര്‍ നിര്‍വ്വഹിക്കും.
ഇതോടൊപ്പം അനാഥരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന ചില്‍ഡ്രന്‍സ് ഹോമിന്റേയും കുറ്റവാസനയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിനുള്ള ഒബ്‌സര്‍വേഷന്‍ ഹോമിന്റേയും ശിലാസ്ഥാപനവും നടക്കും.

ഒന്നരക്കോടി രൂപ ചിലവിലാണ് കണിയാമ്പറ്റയില്‍ സാമൂഹ്യനീതി വകുപ്പ് മഹിളാമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 13 വയസ്സ് മുതല്‍ 55 വയസ് വരെയുള്ള അനാഥരായ സ്ത്രീകളെ ഇവിടെ പാര്‍പ്പിക്കും. രണ്ട് നിലകളുള്ള മന്ദിരത്തില്‍ ഡോര്‍മിറ്ററി, വിശ്രമമുറി, പ്രാര്‍ത്ഥനാമുറി, അടുക്കള, റിസപ്ഷന്‍ എന്നിവയുണ്ട്. കോഴിക്കോട് ജില്ലയിലെ മഹിളാമന്ദിരത്തിലാണ് ജില്ലയില്‍ നിന്നുള്ള അനാഥ സ്ത്രീകളെ ഇതുവരെ പാര്‍പ്പിച്ചിരുന്നത്.

അനാഥരായ കുട്ടികളെ പാര്‍പ്പിക്കുന്നതിനുള്ള ചില്‍ഡ്രന്‍സ്‌ഹോമും കുറ്റവാസനയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിനുള്ള ഒബ്‌സര്‍വേഷന്‍ ഹോമും കണിയാമ്പറ്റയില്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ 4.5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് ഇതിന്റെ നിര്‍മ്മാണചുമതല. കഴിഞ്ഞ 13 വര്‍ഷമായി ജില്ലയില്‍ ഒബ്‌സര്‍വേഷന്‍ ഹോം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സൗകര്യങ്ങളുടെ കുറവുമൂലം കുട്ടികളെ കോഴിക്കോട് ജില്ലയിലെ ഒബ്‌സര്‍വേഷന്‍ ഹോമുകളിലേക്ക് അയക്കേണ്ടിവന്നിരുന്നു.

ആധുനിക സൗകര്യങ്ങളുള്ള ജുവനൈല്‍ബോര്‍ഡ് (കുട്ടികളായ കുറ്റവാളികളെ വിചാരണ ചെയ്യുന്ന വേദി), കുറ്റവാസനയുള്ള കുട്ടികളെ പാര്‍പ്പിക്കുന്നതിനുള്ള ഒബ്‌സര്‍വേഷന്‍ ഹോം, അനാഥരായ കുട്ടികളെയും അന്യ സംസ്ഥാനങ്ങളില്‍ നിന്നും വഴിതെറ്റിയെത്തുന്ന കുട്ടികളെയും സംരക്ഷിക്കുന്നതിനുള്ള സംവിധാനം എന്നിവ പുതുതായി നിര്‍മ്മിക്കുന്ന ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഉണ്ടാകും.
ഉദ്ഘാടന, ശിലാസ്ഥാപന പരിപാടികളില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കമ്പളക്കാട് യൂ.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ ‘പെണ്‍കുഞ്ഞ്’ എന്ന ഡോക്യുമെന്ററിയുടെ പ്രകാശനം പട്ടികവര്‍ഗ്ഗ യുവജനക്ഷേമ വകുപ്പ് മന്ത്രി പി കെ. ജയലക്ഷ്മി നിര്‍വ്വഹിക്കും.
എം ഐ ഷാനവാസ്.എം പി മുഖ്യപ്രഭാഷണം നടത്തും. എം എല്‍എ മാരായ ഐ സി ബാലകൃഷ്ണന്‍, കെ എം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി, സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ വി എന്‍ ജിതേന്ദ്രന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സചാക്കോ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എദേവകി, ജില്ലാ കളക്ടര്‍ കെ ജി രാജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സി സുന്ദരി തുടങ്ങിയവര്‍ പങ്കെടുക്കും.