Connect with us

Editorial

ലാലുവിന്റെ രാഷ്ട്രീയ ഭാവി

Published

|

Last Updated

രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നതാണ് കാലിത്തീറ്റ കുംഭകോണ കേസില്‍ റാഞ്ചിയിലെ സി ബി ഐ പ്രത്യേക കോടതിയുടെ വിധിപ്രഖ്യാപനം. കേസിലെ 45 പ്രതികളും കുറ്റക്കാരാണെന്ന് നിരീക്ഷിച്ച കോടതി; വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍, അഴിമതി തുടങ്ങി അഞ്ച് മുതല്‍ ഏഴ് വരെ വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കാകുന്ന ഗുരുതരമായ കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയത്. ബീഹാര്‍ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയും ജെ ഡി (യു) എം പി ജഗദീഷ് ശര്‍മയും കേസില്‍ പ്രതികളാണ്.
സംസ്ഥാന വിഭജനത്തിന് മുമ്പ് ബീഹാറിന്റെ ഭാഗമായിരുന്ന ഛൈബാസ ജില്ലാ ട്രഷറിയില്‍ നിന്ന് 37.70 കോടി രൂപ പിന്‍വലിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ബീഹാര്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ കാലിത്തീറ്റ, മൃഗങ്ങള്‍ക്കുള്ള മരുന്ന്, ആശുപത്രി ഉപകരണങ്ങള്‍ എന്നിവ വാങ്ങിയ ഇനത്തിലാണ് ഇത്രയും തുക ബില്ലെഴുതി എടുത്തതെങ്കിലും മറ്റു അവിഹിത ഇടപാടുകളാണ് ഇതുകൊണ്ട് നടത്തിയതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണുള്ളത്. അഞ്ചെണ്ണം റാഞ്ചിയിലും ഒന്ന് പാട്‌നയിലും. മൊത്തം 950 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കണക്ക്.
ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃഗ സംരക്ഷണ വകുപ്പിന്റെ ചൈബാസയിലെ ഓഫീസുകളില്‍ പശ്ചിമ സിംഗ്ഭൂം ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായിരുന്ന അമിത്ഖരെ നടത്തിയ റെയ്ഡാണ് കേസിന് നിമിത്തമായത്. റെയ്ഡില്‍ കണ്ടെത്തിയ കൃത്രിമക്കണക്കുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇതേച്ചൊല്ലി വിവാദങ്ങളുയര്‍ന്നപ്പോള്‍ അന്ന് മുഖ്യമന്ത്രി പദത്തിലിരുന്ന ലാലു പ്രസാദ് യാദവ് തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. സംസ്ഥാന പൊലീസിന്റെ അന്വേഷണം നിഷ്‌ക്രിയമായതോടെ അന്വേഷണ ചുമതല സി ബി ഐക്കു കൈമാറണമെന്ന 1997ലെ കോടതി ഉത്തരവാണ് കേസില്‍ വഴിത്തിരിവായതും ലാലുപ്രസാദ് യാദവ് പ്രതിപ്പട്ടികയില്‍ വരാന്‍ ഇടയാക്കിയതും. ഗവര്‍ണര്‍ പ്രോസിക്യൂഷന് അനുമതി നല്‍കിയതോടെ ആ വര്‍ഷം തന്നെ അദ്ദേഹത്തിന് മുഖ്യമന്ത്രി പദം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു.
കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് രണ്ട് മാസം മുമ്പ് ലാലു ഝാര്‍ഖണ്ഡ് ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും ഹരജി നല്‍കിയിരുന്നെങ്കിലും ഇരു കോടതികളും അത് നിരസിക്കുകയാണുണ്ടായത്. റാഞ്ചിയിലെ പ്രത്യേക സി ബി ഐ ജഡ്ജി പ്രവാസ്‌കുമാറിന് ജെ ഡി യു നേതാക്കളുമായി ബന്ധമുള്ളതിനാല്‍ തനിക്ക് നീതി ലഭിക്കാനിടയില്ലെന്ന് കാണിച്ചായിരുന്നു ലാലുവിന്റെ ഹരജി. ഇതിനു തെളിവായി ജെ ഡി (യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ജഡ്ജി പ്രവാസ്‌കുമാറും ഒന്നിച്ചുള്ള ചില ചിത്രങ്ങളും അദ്ദേഹം ഹാജരാക്കിയിരുന്നു.
സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയപ്രകാശ് നാരായണന്റെയും കര്‍പ്പൂരി ഠാക്കൂറിന്റെയും ആരാധകനായിരുന്ന ലാലു 1970കളില്‍ വിദ്യാര്‍ഥി നേതാവായാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. നിയമബിരുദവും ബിദുദാനന്തര ബിരുദവും നേടിയ അദ്ദേഹം 29-ാം വയസ്സില്‍ ലോകസഭാംഗമായി. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നിലപാടും ഭഗല്‍പൂരിലെ കലാപവും മറ്റും പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷങ്ങളുടെയും പിന്തുണ ഉറപ്പാക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. 1990ല്‍ ബീഹാര്‍ മുഖ്യമന്ത്രിയായി. പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാനത്ത് അധികാരത്തിലിരിക്കാന്‍ ആര്‍ ജെ ഡിയെ സഹായിച്ചത് ലാലുവിന്റെ രാഷ്ട്രീയ കരുനീക്കങ്ങളായിരുന്നു. 1996ല്‍ കാലിത്തീറ്റ കേസില്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ടി വന്നെങ്കിലും പിന്നീടദ്ദേഹം കേന്ദ്ര റെയില്‍ മന്ത്രിത്തിലെത്തി ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ചു. മികച്ചൊരു മാനേജ്‌മെന്റ് വിദഗ്ധന്റെ പരിവേഷം ഈ സ്ഥാനത്തിരുന്ന് സൃഷ്ടിച്ച ലാലുവിനെ പ്രമുഖ വിദേശ സര്‍വകലാശാലകള്‍ പോലും പ്രഭാഷണത്തിന് ക്ഷണിച്ചിരുന്നു.
രണ്ട് പതിറ്റാണ്ട് ബീഹാര്‍ രാഷ്ട്രീയത്തിലും ഇതു വഴി ദേശീയ രാഷ്ട്രീയത്തിലും ശ്രദ്ധ പിടിച്ചു പറ്റിയ ലാലുവിന്, ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന കോടതിവിധി വലിയൊരാഘാതമാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. കേസില്‍ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ലഭിക്കുന്നവരുടെ അംഗത്വം റദ്ദാക്കണമെന്നും കോടതി നിര്‍ദേശിച്ചിരിക്കെ വ്യാഴാഴ്ചത്തെ ശിക്ഷാവിധിയെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റ അംഗത്വത്തിന്റെ ലോകസഭാംഗത്വത്തിന്റെ ഭാവി. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കെതിരെ വരുന്ന കോടതി വിധികളെ മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിച്ചുവെങ്കിലും രാഹുല്‍ ഗാന്ധിയുടെ നാടകീയമായ എതിര്‍പ്പോടെ അത് നടപ്പാകാനുള്ള സാധ്യത ഇല്ലാതായിരിക്കയാണ്.

Latest