സിറിയയിലെ ചൈനീസ് എംബസിക്ക് നേരെ ഷെല്ലാക്രമണം

Posted on: October 1, 2013 12:54 am | Last updated: October 1, 2013 at 12:54 am

ദമസ്‌കസ്: സിറിയയിലെ ചൈനീസ് എംബസിക്ക് നേരെ ഷെല്‍ ആക്രമണം. തലസ്ഥാനമായ ദമസ്‌കസിലെ ചൈനീസ് എംബസിക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രസിഡന്റ് ബശര്‍ അല്‍ അസദിനെ താഴെയിറക്കാന്‍ മാസങ്ങളായി ഇവിടെ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. കെട്ടിടത്തിന്റെ വാതിലും ജനലും അക്രമത്തില്‍ തകര്‍ന്നിട്ടുണ്ട്.
പരുക്കേറ്റത് സിറിയന്‍ തൊഴിലാളിക്കാണ്. ആക്രമണം ശക്തമായ ആഘാതമാണ് ഏല്‍പ്പിച്ചതെന്നും ഇതിനെ രാജ്യം അപലപിച്ചതായും ചൈനീസ് വിദേശ കാര്യ മന്ത്രാലയം വക്താക്കള്‍ പറഞ്ഞു. ഇവിടെ തന്നെയുള്ള ഇറാഖ് കോണ്‍സലേറ്റിന് നേരെ കഴിഞ്ഞ ആഴ്ചയില്‍ ഷെല്‍ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് റഷ്യന്‍ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു.