Connect with us

International

നൈറോബി ഭീകരാക്രമണം: 39 പേരെ ഇനിയും കണ്ടെത്താനായില്ല

Published

|

Last Updated

നൈറോബി: കെനിയന്‍ തലസ്ഥാനമായ നൈറോബിയിലെ വെസ്റ്റേജ് വാണിജ്യ കേന്ദ്രത്തില്‍ കഴിഞ്ഞയാഴ്ചയുണ്ടായ ഭീകരാക്രമണത്തിനിടെ കാണാതായ 39 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കെനിയന്‍ സര്‍ക്കാര്‍ വക്താക്കള്‍ അറിയിച്ചു. ആക്രമണത്തിനിടെ കാണാതായ 14 പേരെ ജീവനോടെയും ഏഴ് പേരെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 61 പേരില്‍ നിന്ന് കാണാതായവരുടെ എണ്ണം 39 ആയി കുറഞ്ഞിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സുരക്ഷാ സൈനികരുടെയും രഹസ്യന്വേഷണ സംവിധാനത്തിന്റെയും പാളിച്ചയാണ് ആക്രമണം രൂക്ഷമാകാന്‍ ഇടയായതെന്ന ആരോപണവുമായി ജനപ്രതിനിധികള്‍ രംഗത്തെത്തി. സംഭവത്തെ കുറിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്ന് ഒരു വിഭാഗം എം പിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ടു.
അല്‍ശബാബ് അക്രമികളുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം 21നാണ് രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രമായ വെസ്റ്റേജില്‍ ആക്രമണം ഉണ്ടായത്. ആയുധധാരികളായ സംഘം വാണിജ്യ കേന്ദ്രത്തിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിവെക്കുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് വാണിജ്യ കേന്ദ്രം സുരക്ഷാ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ഇതിനിടെ, അക്രമികള്‍ പലരും രക്ഷപ്പെട്ടിട്ടുണ്ടെന്നും ഇവരില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാന്‍ സൈന്യത്തിനായിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.