Connect with us

Gulf

ഒക്‌ടോബര്‍ അവസാനം ആറ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കും

Published

|

Last Updated

അബുദാബി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത മാസം അവസാനത്തോടെ പുതിയ ആറ് തസ്ഹീല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും പുതിയ കേന്ദ്രങ്ങള്‍ തുറക്കുകയെന്ന് മന്ത്രാലയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അടുത്ത മാസം 20നാണ് പുതിയ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുക. ലേബര്‍ കാര്‍ഡ് (ബതാക) പുതിയത്, പുതുക്കല്‍, നിലവിലെ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്തല്‍ എന്നിവ മാത്രമായിരിക്കും പുതുതായി തുറക്കുന്ന തസ്ഹീല്‍ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്ന സേവനങ്ങളെന്നും മന്ത്രാലയം അറിയിച്ചു.
തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും വേഗത്തിലും ഉപയോഗപ്പെടുത്താനായി തുടങ്ങിയ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളുടെ വിജയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് മന്ത്രാലയം പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പുതുതായി തുറക്കാന്‍ പോകുന്ന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ 149 ജീവനക്കാരില്‍ 100 സ്വദേശികളുമായി കരാറില്‍ ഒപ്പിട്ടതായും മന്ത്രാലയം അറിയിച്ചു.
ശൈഖ് സായിദ് റോഡ് ഒന്നിലെ ഡോക്യുമെന്റ്‌സ് സെന്റര്‍, മുസഫ്ഫ വ്യവസായ മേഖലയിലെ സര്‍വീസ് സെന്റര്‍, മുസഫ്ഫ പ്രധാന റോഡിലെ ജനറല്‍ സര്‍വീസ് സെന്റര്‍, അല്‍ മുറൂര്‍ റോഡിലെ ക്രിയേറ്റീവ് സെന്റര്‍, മറീന മാളിലെ ഇന്‍ഫിറിറ്റി സര്‍വീസ് സെന്റര്‍, നാദിസിയയിലെ അല്‍ ഇത്തിഹാദ് സെന്റര്‍ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.