മന്‍മോഹനും ശരീഫും കൂടിക്കാഴ്ച നടത്തി

Posted on: September 30, 2013 7:27 am | Last updated: October 1, 2013 at 8:46 am

manmohan-sherrifന്യൂയോര്‍ക്ക്: ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാകുമെന്ന പ്രതീക്ഷയുണര്‍ത്തി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫും കൂടിക്കാഴ്ച നടത്തി. യു എന്‍ പൊതു സഭാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയില്‍, ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ആരാഞ്ഞു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചര്‍ച്ചയില്‍ നിറഞ്ഞു നിന്നത്. പാക് മണ്ണില്‍ നിന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ ശക്തമായ നടപടികള്‍ക്ക് പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു. ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാകേണ്ടതിന്റെ ആവശ്യകത നവാസ് ശരീഫ് ഊന്നിപ്പറഞ്ഞു. ബലൂചിസ്ഥാനില്‍ ഇന്ത്യ ഇടപെടുന്നുവെന്ന് അദ്ദേഹം ചര്‍ച്ചയില്‍ ആരോപിച്ചു.
മുംബൈ ആക്രമണത്തിലെ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടതായി ചര്‍ച്ചക്ക് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കവേ ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നത് ചര്‍ച്ചകള്‍ തുടരാനുള്ള മുന്നുപാധിയായിരിക്കും. മുംബൈ ആക്രമണത്തില്‍ നടപടി വേഗത്തിലാക്കുമെന്ന് നവാസ് ഉറപ്പ് നല്‍കി. വിസാ ചട്ടങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടന്നില്ല. നവാസ് ശരീഫ് മന്‍മോഹന്‍സിംഗിനെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഇതിന് സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ല.
വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍, വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗ് തുടങ്ങിയവര്‍ മന്‍മോഹന്‍ സിംഗിനോടൊപ്പമുണ്ടായിരുന്നു. പാക് ഭാഗത്ത് നിന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അടക്കമുള്ള ഉന്നതര്‍ ചര്‍ച്ചയുടെ ഭാഗമായി ചര്‍ച്ച ഒരു മണിക്കൂര്‍ നീണ്ടു. ജമ്മുവിന് സമീപമുണ്ടായ തീവ്രവാദി ആക്രമണത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടതിന് പിറകേ നടക്കുന്ന ചര്‍ച്ച മാറ്റിവെക്കാന്‍ മന്‍മോഹന് മേല്‍ സമ്മര്‍ദം ഉണ്ടായിരുന്നു. എന്നാല്‍, ആക്രമണം ചര്‍ച്ച അട്ടിമറിക്കാനാണെന്ന വിലയിരുത്തലാണ് ഇരു നേതാക്കളും പങ്കുവെച്ചത്. ഇത്തരം പ്രകോപനങ്ങള്‍ ചര്‍ച്ചയെ ബാധിക്കാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കൂടിക്കാഴ്ചക്ക് തൊട്ടുമുമ്പ് ഇന്ത്യയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകരുമായി സംസാരിക്കവേ മന്‍മോഹന്‍ സിംഗിനെ നവാസ് ശരീഫ് ഗ്രാമീണ വനിതയോട് ഉപമിച്ചുവെന്ന് വാര്‍ത്ത പരന്നിരുന്നു. വൈറ്റ് ഹൗസില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തവേ പാക്കിസ്ഥാനെ കുറിച്ച് മന്‍മോഹന്‍ സിംഗ് പരാതി പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണത്രേ നവാസ് ഈ പരാമര്‍ശം നടത്തിയത്. എന്നാല്‍ പാക് സംഘം ഇത് നിഷേധിച്ചു.