Connect with us

Kerala

തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് നാല് വയസ്സ്

Published

|

Last Updated

ഇടുക്കി: 45 പേരുടെ മരണത്തിനിടയാക്കിയ തേക്കടി ബോട്ട് ദുരന്തത്തിന് ഇന്ന് നാലാണ്ട് പൂര്‍ത്തിയാകുന്നു. ദുരന്തത്തെക്കുറിച്ച് നടക്കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം ഇനിയും പൂര്‍ത്തിയായില്ല. 2009 സെപ്റ്റംബര്‍ 30നാണ് തേക്കടി തടാകത്തില്‍ കെ ടി ഡി സിയുടെ ജലകന്യക ബോട്ട് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മണക്കവലയില്‍ മുങ്ങി ഏഴ് കുട്ടികളും 23 സ്ത്രീകളും അടക്കം 45 പേര്‍ മരിച്ചത്.

ദുരന്തകാരണം കണ്ടെത്തുന്നതിനായി റിട്ട. ജില്ലാ ജഡ്ജി മൊയ്തീന്‍ കുഞ്ഞിനെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായും കോട്ടയം ക്രൈം ബ്രാഞ്ച് എസ് പി. പി എ വത്സന്റെ നേതൃത്വത്തിലുള്ള സംഘത്തെ പോലീസ് അന്വേഷണത്തിനായും സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ്. മൊയ്തീന്‍ കുഞ്ഞ് കമ്മീഷന്‍ 2011 ആഗസ്റ്റ് 25 ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജലകന്യക ബോട്ടിന്റെ ഡ്രൈവറായിരുന്ന വിക്ടര്‍ സാമുവല്‍, ലസ്‌കര്‍ അനീഷ്, ബോട്ട് ഡിസൈനര്‍ ഡോ. അനന്തസുബ്രഹ്മണ്യം, മുന്‍ ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം മാത്യൂസ്, ടൂറിസം വകുപ്പ് എം ഡി മോഹന്‍ലാല്‍, ടൂറിസം ഡയറക്ടര്‍ ശിവശങ്കരന്‍, ടൂറിസം വകുപ്പിന്റെ ഡെപ്യൂട്ടി മെക്കാനിക്കല്‍ എന്‍ജിനീയര്‍ മനോജ് മാത്യു, ബോട്ട് സൂപ്പര്‍വൈസര്‍ ദേവന്‍ എന്നിവരെയാണ് കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തിയത്.
ബോട്ട് നിര്‍മിക്കാന്‍ ടെന്‍ഡര്‍ ക്ഷണിച്ചതു മുതല്‍ നീറ്റിലിറക്കിയതുവരെ, ഓരോ ഘട്ടത്തിലും കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുണ്ടായ 22 വീഴ്ചകളാണ് ദുരന്തത്തിന് കാരണമെന്നായിരുന്നു കമ്മീഷന്റെ പ്രധാന കണ്ടെത്തലുകള്‍. കൂടാതെ പണിപൂര്‍ത്തിയാക്കി തേക്കടിയിലെത്തിച്ച ബോട്ടില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെങ്കിലും ഇന്‍ക്ലൈനിംഗ് ടെസ്റ്റ് നടത്താതെയാണ് നീറ്റിലിറക്കിയതെന്നും ബോട്ടിന്റെ മുകള്‍ നിലയില്‍ ആളുകളെ പരിധിയില്‍ കൂടുതല്‍ കയറ്റിയതും യാത്രക്കാര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇടയാക്കിയതായും 235 പേജ് വരുന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിട്ടെങ്കിലും കമ്മീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറായിട്ടില്ല. ദുരന്തം സംബന്ധിച്ച ക്രൈംബ്രാഞ്ച് അനേഷണം നാല് വര്‍ഷം പിന്നിടുമ്പോഴും അവസാന ഘട്ടത്തിലെത്തിയിട്ടേയുള്ളു. കെ ടി ഡി സി മെക്കാനിക്കല്‍ വിഭാഗത്തില്‍ ഇപ്പോള്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറായ മനോജ് മാത്യു, മുന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ബോട്ട്‌സ് എം മാത്യൂസ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് ക്രൈം ബ്രാഞ്ച് അനുമതി തേടിയെങ്കിലും സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നില്ല.

 

---- facebook comment plugin here -----

Latest