നിഷേധ വോട്ട്: യുവ അധ്യാപകന് സ്വപ്നസാഫല്യം

Posted on: September 30, 2013 6:47 am | Last updated: September 30, 2013 at 12:56 am

AS India Electionsകണ്ണൂര്‍: ബാലറ്റില്‍ പേരുള്ള ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ഇല്ല എന്നു വ്യക്തമാക്കാനുള്ള നിഷേധ വോട്ട് ബട്ടന്‍ ഏര്‍പ്പെടുത്തണമെന്ന സുപ്രീം കോടതി വിധിയിലൂടെ വെളിച്ചം കാണുന്നത് യുവ അധ്യാപകന്റെ കണ്ടുപിടിത്തം. മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപകനായ വി രാജേഷ് മോഹനനാണ് നിഷേധ വോട്ട് രേഖപ്പെടുത്താന്‍ വോട്ടര്‍ക്ക് കോടതി അവസരം നല്‍കിയതിലൂടെ ശ്രദ്ധേയനാകുന്നത്. രണ്ട് വര്‍ഷം മുമ്പ് നടന്ന സംസ്ഥാന ഹയര്‍ സെക്കന്‍ഡറി ശാസ്ത്രമേളയില്‍ പ്ലസ്ടു അധ്യാപകര്‍ക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ സംസ്ഥാന തല സമ്മാനം നേടിയ ‘ബേബി മെഷിന്‍’ എന്ന് പേരിട്ട ഇലക്‌ട്രോണിക്ക് വോട്ടിംഗ് മെഷീനിനുള്ള അംഗീകാരം കൂടിയാണ് കോടതി വിധിയിലൂടെ സാക്ഷാല്‍ക്കരിക്കുന്നത്. ബേബി മെഷീന്‍ വഴി ഒരു വോട്ടര്‍ക്ക് ഏത് ബൂത്തില്‍ നിന്നും വോട്ട് ചെയ്യാമെന്നതിനു പുറമെ നിഷേധ വോട്ട് രേഖപ്പെടുത്താം എന്ന സവിശേഷതയും ഉണ്ട്. മൂന്ന് ബട്ടണുകളാണുള്ളത്. ഇതിന്റെ മറ്റൊരു പ്രത്യേകത ഈ മെഷീന്‍ വഴി സ്ഥാനാര്‍ഥിക്ക് വ്യക്തിപരമായി ലഭിച്ച വോട്ടും, സ്ഥാനാര്‍ഥിക്കല്ലാതെ പാര്‍ട്ടിക്ക് മാത്രം ലഭിച്ച വോട്ടും, സ്ഥാനാര്‍ഥിയെയും പാര്‍ട്ടിയെയും ഒരു പോലെ ഇഷ്ടപ്പെട്ടു ചെയ്യുന്ന വോട്ടും, നിഷേധ വോട്ടും എളുപ്പത്തില്‍ മനസ്സിലാക്കാമെന്നതാണ്. ഇതുവഴി വ്യക്തമായ തിരഞ്ഞെടുപ്പ് അവലോകനം നടത്താനും വികസന കാര്യത്തില്‍ സ്ഥാനാര്‍ഥിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്മര്‍ദം ചെലുത്തി നടപടിയെടുക്കാനും സാധിക്കും.
2012ല്‍ ഇലക്ഷന്‍ കമ്മീഷന് ഇതിന്റെ മാതൃക സമര്‍പ്പിച്ചിരുന്നു. പരിശോധിച്ച് നടപടിയെടുക്കാമെന്ന ഉറപ്പും അധികൃതരില്‍ നിന്ന് ലഭിച്ചിരുന്നു. രാജേഷ് മോഹനന്‍ കണ്ടുപിടിച്ച ബേബി മെഷീനില്‍ നിഷേധ വോട്ടിന് റിജക്ട് ഓള്‍ എന്ന ബട്ടണ്‍ അമര്‍ത്തി വോട്ടര്‍ക്ക് പ്രതിഷേധിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷനു നല്‍കിയ നിരവധി നിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു വോട്ടര്‍മാര്‍ക്കു വേണ്ടിയുള്ള നിഷേധ വോട്ടിംഗ് സൗകര്യം.
രണ്ട് വര്‍ഷം മുമ്പ് സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ച ഈ വോട്ടിംഗ് മെഷിന്‍ പ്രൊജക്ട് വന്‍ വാര്‍ത്താ പ്രാധാന്യം നേടിയതിനു പുറമെ വിദ്യാഭ്യാസ വകുപ്പിന്റെ ക്യാഷ് അവാര്‍ഡും നേടി. ധര്‍മടം പഞ്ചായത്ത് ധര്‍മടം ഐലന്‍ഡ് കാര്‍ണിവലില്‍ മന്ത്രി എ പി അനില്‍കുമാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. നിഷേധ വോട്ടിംഗ് സംവിധാനം നിലവില്‍ വരണമെന്ന സ്വപ്‌ന സാഫല്യം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ബൂത്ത് ലവല്‍ ഓഫീസര്‍ കൂടിയായ രാജേഷ് മോഹനന്‍. ഗവ. ബ്രണ്ണന്‍ ഹിന്ദി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജെ വാസന്തിയാണ് ഭാര്യ. മക്കള്‍: ഗൗരി ആര്‍ ഭട്ട്, ഗായത്രി ഭട്ട്.