പയ്യന്നൂര്‍ ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ച

Posted on: September 30, 2013 12:47 am | Last updated: September 30, 2013 at 12:47 am

പയ്യന്നൂര്‍: കരിവള്ളൂര്‍ ഗവ. ആശുപത്രിക്ക് സമീപം ദേശീയ പാതയില്‍ ടാങ്കറില്‍ നിന്നും ഗ്യാസ് ചോര്‍ന്നു. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. ഗ്യാസ് ടാങ്കര്‍ലോറി റോഡരികില്‍ നിര്‍ത്താന്‍ ശ്രമിക്കവെ സമീപത്തുള്ള മരത്തിലടിച്ച് വാള്‍വ് തെറിച്ചു പോയതാണ് ചോര്‍ച്ചക്ക് കാരണമായത്. ടാങ്കറില്‍ നിന്നും വെളുത്ത പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ടാങ്കര്‍ ഡ്രൈവര്‍ മധുര സ്വദേശി പഴനി വേലുവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഡ്രൈവറുടെ മനോധൈര്യമാണ് കരിവെള്ളൂര്‍ ഗ്രാമത്തെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ചത്. ഉടന്‍ ടാങ്കറിന്റെ മുകളില്‍ കയറിയ ഡ്രൈവര്‍ പഴനിവേലു അരമണിക്കൂറോളം കൈപ്പത്തികൊണ്ട് വാള്‍വ് തെറിച്ചുപോയ ഭാഗത്ത് അമര്‍ത്തിപിടിച്ചിരുന്നതിനെ തുടര്‍ന്നാണ് ദുരന്തം വഴിമാറിയത്. സമീപത്തെ വ്യാപാരികളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. നാലരയോടെ തൃക്കരിപ്പൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും ചന്തേര പോലീസും എത്തിയ ശേഷം എംസീലും മരകഷ്ണങ്ങളും ഉപയോഗിച്ച് വാള്‍വ് താല്‍ക്കാലികമായി അടച്ചതോടെ നാടിനെ ഭീതിയിലാഴ്ത്തിയ ദുരന്തം വഴിമാറി.
സംഭവം നടന്ന ഉടനെ സമീപത്തെ പള്ളിയില്‍ നിന്നും വീട്ടുകാരോട് ഒഴിഞ്ഞ് പോകാന്‍ അഭ്യര്‍ഥിച്ചുകൊണ്ടുള്ള നിര്‍ദേശം നല്‍കിയതോടെ ടാങ്കര്‍ ചോര്‍ച്ച നടന്ന സമീപ പ്രദേശത്തു നിന്നും വീട്ടുകാര്‍ ഒഴിഞ്ഞ് പോകാന്‍ തുടങ്ങിയിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം സംഭവ സ്ഥലത്ത് നിന്നും 500 മീറ്ററോളം ദൂരത്തില്‍ വീട്ടുകാരെ ഒഴിപ്പിച്ചു. കാലിക്കടവിലും ഓണക്കുന്നിലും വെച്ച് ദേശീയ പാത വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ മംഗലാപുരത്തു നിന്നും സേഫ്റ്റി കമ്മീഷണര്‍ എത്തിയാല്‍ മാത്രമെ തുടര്‍കാര്യങ്ങള്‍ തീരുമാനിക്കുകയുള്ളൂ. ചോര്‍ന്ന ടാങ്കറില്‍ നിന്നും ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റണമെങ്കില്‍ രണ്ട് ദിവസമെങ്കിലും വേണമെന്ന് അധികൃതര്‍ പറഞ്ഞു.