‘നന്മ നിറഞ്ഞവന്‍’ ശ്രീനിവാസന്‍

Posted on: September 30, 2013 6:00 am | Last updated: September 30, 2013 at 12:25 am

siraj copyബി സി സി ഐയിലെ ചരടുവലിയില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് എന്‍ ശ്രീനിവാസന്‍ തെളിയിച്ചിരിക്കുന്നു. ബി സി സി ഐ അധ്യക്ഷനായി മൂന്നാമതും അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരിക്കയാണ്. തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഐപി എല്‍ ഒത്തുകളി ആരോപണങ്ങളില്‍ നിന്നു മോചിതനാകുംവരെ പുറത്തുനില്‍ക്കണമെന്ന് സുപ്രീം കോടതി വിധി ഉള്ളതിനാല്‍ കേസ് തീരുംവരെ പ്രസിഡന്റായി ചുമതലയേല്‍ക്കാനാകില്ല. അന്തിമവിധി എതിരായാല്‍ ഒഴിയേണ്ടിയും വരും. ശീനിവാസനെ ബി സി സി ഐ പ്രസിഡന്റായി മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും അദ്ദേഹത്തിന് ഇടക്കാല വിലക്കേര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കവേയാണ് കോടതിയുടെ ഈ ഉത്തരവ്.
ഐ പി എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒയും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പനെതിരെ അന്വേഷണം നടക്കുന്നതിനെ തുടര്‍ന്നാണ് ശ്രീനിവാസന്‍ ബി സി സി ഐ അധ്യക്ഷ സ്ഥാനത്ത് നിന്ന് നിന്നു മാറി നില്‍ക്കേണ്ടി വന്നത്. മെയ്യപ്പനെതിരായ അന്വേഷണത്തിന്റെ പേരില്‍ രാജി വെക്കില്ലെന്ന നിലപാടായിരുന്നു തുടക്കത്തില്‍ ശ്രീനിവാസന്റെത്. ധാര്‍മികത മുന്‍നിര്‍ത്തി രാജി വെക്കണമെന്ന് കേന്ദ്ര മന്ത്രിയും മുന്‍ ബി സി സി ഐ അധ്യക്ഷനുമായ ശരദ് പവാര്‍, ഐ പി എല്‍ കമ്മീഷണര്‍ രാജീവ് ശുക്ല, ബോര്‍ഡ് അംഗങ്ങളായ അരുണ്‍ ജെയ്റ്റ്‌ലി, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവരും ഒടുവില്‍ കായിക മന്ത്രാലയം തന്നെയും ആവശ്യപ്പെട്ടിട്ടും അദ്ദേഹം വഴങ്ങാത്തതില്‍ പ്രതിഷേധിച്ച് ബി സി സി ഐ ട്രഷറര്‍ അജയ് ഷിര്‍ക്കെയും സെക്രട്ടറി സഞ്ജയ് ജഗ്ദലയും രാജിക്കത്ത് നല്‍കിയപ്പോഴാണ് ഒരു ഒത്തുതീര്‍പ്പെന്ന നിലയില്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തയാറായതും ജഗ്‌മോഹന്‍ ഡാല്‍മിയ താത്കാലിക പ്രസിഡന്റായി സ്ഥാനമേറ്റതും.
ശ്രീനിവാസനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ ഇത്രയൊക്കെ സമ്മര്‍ദം വന്നിട്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ ആരും മുന്നോട്ടു വരാതിരുന്നതെന്തുകൊണ്ടാണ്? വൈസ് പ്രസിഡണ്ടുമാരായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയും, സമീര്‍ ദുബേയും, നിരഞ്ജന്‍ ഷായും ശ്രീനിവാസനെതിരെ കരുക്കള്‍ നീക്കിയതുമാണ്. ഇവിടെയാണ് ശ്രീനിവാസന്റെ മിടുക്ക് പ്രകടമാകുന്നത്. തനിക്കെതിരെ വരാവുന്ന നീക്കങ്ങളെയെല്ലാം സമര്‍ഥമായി പ്രതിരോധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അരുണ്‍ ജെയ്റ്റ്‌ലിക്കും, സമീര്‍ ദുബേക്കും, നിരഞ്ജന്‍ ഷാക്കും ഒടുവില്‍ ബോര്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ചു രാജി വക്കേണ്ടി വരികയുമുണ്ടായി.

ക്രിക്കറ്റ് ലോകത്തിലെ ഏററവും സമ്പന്നരായ ബോര്‍ഡാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി സി സി ഐ ). അന്താരാഷ്ട്ര ക്രിക്കറ്റ് ബോര്‍ഡ് പോലും പലതവണ ബി സി സി ഐയുടെ മുമ്പില്‍ തലകുനിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കിയ അമ്പയര്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം (അമ്പയര്‍മാരുടെ തീരുമാനങ്ങളില്‍ സംശയമുണ്ടെങ്കില്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുന്ന രീതി) ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഒഴിവാക്കിയ നടപടി ഉദാഹരണം. സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെ തീരുമാനം ഇഴകീറി പരിശോധിക്കുന്ന ഈ രീതി ക്രിക്കറ്റ് ലോകത്ത് ഏറെ സ്വീകാര്യമായെങ്കിലും ബി സി സി ഐയുടെ എതിര്‍പ്പ് മൂലമാണ് അത് നടപ്പാകാതെ പോയത്. പണമൊഴുകുന്ന ഇന്ത്യന്‍ ബോര്‍ഡിനെതിരെ ചെറുവിരലുയര്‍ത്താന്‍ പോലും ഐ സി സിക്ക് ത്രാണിയില്ലെന്ന് ശ്രീലങ്കയടക്കമുള്ള അംഗരാജ്യങ്ങള്‍ അന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
ആര്‍ക്കും നിയന്ത്രിക്കാനോ കൂച്ചുവിലങ്ങിടാനോ ആകാത്ത വിധം തടിച്ചു കൊഴുത്തിരിക്കുന്നു ബി സി സി ഐ എന്നതിനാല്‍ അതിന്റെ അധ്യക്ഷ പദവി രാജ്യത്തെ സമ്പന്നരുടെ സ്വപ്‌നമാണ്. ക്രിക്കറ്റ് കളിച്ചിട്ടിലാത്തവര്‍ പോലും ബോര്‍ഡ് തലവന്മാാരാകുന്നതും ഒരിക്കല്‍ ആ സ്ഥാനത്തിരുന്നവര്‍ പിന്നീട് ഒഴിയാന്‍ വിസമ്മതിക്കുന്നതും ക്രിക്കറ്റിനോടുള്ള താത്പര്യം കൊണ്ടൊന്നുമല്ലെന്നത് രഹസ്യമല്ല. ഒത്തുകളിയും വാതുവെപ്പുമെല്ലാം ഇന്ന് ക്രിക്കറ്റിന്റെ ഭാഗം തന്നെയായി മാറിയതിലും ഇത്തരക്കാര്‍ക്ക് പങ്കുണ്ട്. ക്രിക്കറ്റില്‍ സാധാരണ ഗതിയില്‍ ഏകദിനങ്ങള്‍ക്ക് ആയിരം കോടി വരെയും ടെസ്റ്റുകള്‍ക്ക് 1500 കോടി വരെയും ഇന്ത്യയില്‍ വാതുവെപ്പ് നടക്കുന്നുണ്ടെന്നാണ് പിന്നാമ്പുറ വിവരം. ട്വന്റി ട്വന്റി വന്നതോടെ പതിനായിരക്കണക്കിന് കോടികള്‍ മറിയുന്ന വന്‍ സാധ്യതയായി വാതുവെപ്പുകള്‍ മാറുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കാനുള്ള സൗകര്യം വേറെയും. അധോലോക രാജാക്കന്മാരും മറക്ക് പിന്നില്‍ കളിക്കുന്നു. ഈ വിധം ക്രിക്കറ്റ് ലോകത്ത് മാറിമറിയുന്ന കോടികളുടെ പങ്ക് ആസ്വദിക്കുന്നവര്‍ ആജീവനാന്തം ബോര്‍ഡിന്റെ ഉന്നത പദവികളില്‍ തുടരാന്‍ ആഗ്രഹിച്ചില്ലെങ്കിലേ അത്ഭുതമുള്ളു. രാജ്യത്തിന്റെ ഭരണ ചെങ്കോല്‍ തിരിക്കുന്നവര്‍ പോലും അവരോട് കടപ്പെട്ടിരിക്കുകയും ചെയ്യുന്നു.