Connect with us

Kozhikode

കെ എസ് ഇ ബി മസ്ദൂര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം; ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ചും ധര്‍ണയും നടത്തും

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പി എസ്‌സി, കെ എസ് ഇ ബി മസ്ദൂര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് ഉദ്യോഗാര്‍ഥികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. പി എസ് സിയുടെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ച് ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ ഒന്നിന് ജില്ല പി എസ് സി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. ധര്‍ണ്ണ എ പ്രദീപ്കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30ന് എരഞ്ഞിപ്പാലത്ത് നിന്നാരംഭിക്കും.
2010 നവംബര്‍ 26നാണ് പിഎസ് സി പുതിയ മസ്ദൂര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2011ല്‍ പരീക്ഷ നടത്തി. 2013ല്‍ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ സെപ്തംബര്‍ 23ന് സര്‍ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞു.
ജില്ലയില്‍ 222 മസ്ദൂര്‍ ഒഴിവുകള്‍ ഉണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ കെ എസ് ഇ ബിയില്‍ 18 മസ്ദൂര്‍ തസ്തികയുടെ ഒഴിവ് മാത്രമേ ഉള്ളൂവെന്നാണ് പി എസ് സി റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയില്‍ പഴയ മസ്ദൂര്‍ ലിസ്റ്റ് തീര്‍ന്നിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ പി എസ് സി ചെയര്‍മാന്‍, ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക് പല തവണ നിവേദനം നല്‍കിയെങ്കിലും ജൂലൈ ആദ്യ വാരം ലിസ്റ്റ് ഇറക്കുമെന്ന് പറഞ്ഞിരുന്നു. നിരന്തരം ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചും ധര്‍ണ്ണയും. ഇനിയും ലിസ്റ്റ് ഇറക്കിയില്ലെങ്കില്‍ നിരാഹാര സമരം ഉള്‍പ്പെടെ നടത്താനാണ് ഉദ്യോഗാര്‍ഥികളുടെ നീക്കം. സെക്രട്ടറി ടി പി രാജീവന്‍, പി കെ സജിത്ത്, എന്‍ ടി ജിതേഷ്, എം പി മുനീര്‍, കെ ഗിരീഷ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.