ജില്ലാ അത്‌ലറ്റിക് മീറ്റ്; ഐഡിയല്‍ കടകശ്ശേരിക്ക് കിരീടം

Posted on: September 29, 2013 7:33 am | Last updated: September 29, 2013 at 7:33 am

തേഞ്ഞിപ്പലം: ജില്ലാ അത്‌ലറ്റിക് മീറ്റില്‍ ഐഡിയല്‍ കടകശേരി ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ജേതാക്കള്‍. 973.05 പോയിന്റ് നേടിയാണ് സ്‌കൂള്‍ കിരീടം ചൂടിയത്.

302.05 പോയിന്റ് നേടി പറപ്പൂര്‍ ഐ യു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനം നേടി. 288 പോയിന്റ് നേടിയ തിരുവന്നാവായ നവാമുകുന്ദ സ്‌പോര്‍ട്‌സ് അക്കാദമിയാണ് മൂന്നാമതെത്തിയത്. കഴിഞ്ഞ വര്‍ഷത്തിന് മുമ്പുള്ള നാലുവര്‍ഷം തുടര്‍ച്ചയായി ജില്ലാ അത്‌ലറ്റിക് കിരീടം ചൂടിയ ഐഡിയല്‍ സ്‌കൂള്‍ ഇക്കുറി മികച്ച മുന്നേറ്റം നടത്തിയാണ് ഒന്നാംസ്ഥാനത്ത് തിരിച്ചെത്തിയത്.
കഴിഞ്ഞ വര്‍ഷം കിരീടം നേടിയ തവനൂര്‍ കേളപ്പജി സ്മാരക ഹൈസ്‌കൂള്‍ ഇത്തവണ മീറ്റില്‍ പങ്കെടുത്തിരുന്നില്ല. ജില്ലയിലെ സ്‌കൂളുകളില്‍ നിന്നും
ക്ലബുകളില്‍ നിന്നുമുള്ള 29 ടീമുകളാണ് കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ അത്‌ലറ്റിക്മീറ്റില്‍ മാറ്റുരച്ചത്. ഐഡിയല്‍ സ്‌കൂള്‍ ടീമിന് സര്‍വകലാശാല സ്റ്റേഡിയത്തില്‍ വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ അത്‌ലറ്റിക് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ് കെ ഉണ്ണി ഓവറോള്‍ ട്രോഫി സമ്മാനിച്ചു. വിവിധ വിഭാഗങ്ങളിലായി ഒന്നാമതെത്തിയ കായികതാരങ്ങള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു
അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സര്‍വകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ വി പി സക്കീര്‍ഹുസൈന്‍, അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വേലായുധന്‍കുട്ടി, എക്‌സിക്യൂട്ടീവ് അംഗം കെ എ മജീദ്, ട്രഷറര്‍ അബ്ദുള്‍ ഗഫൂര്‍, തിരൂരങ്ങാടി പി എസ് എം ഒ കോളജ് അധ്യാപകന്‍ സൈനുദീന്‍ പ്രസംഗിച്ചു.