Connect with us

Kerala

സോണിയാ ഗാന്ധി ഇന്നെത്തും; ഘടകകക്ഷി നേതാക്കളുമായി കൂടിക്കാഴ്ച

Published

|

Last Updated

തിരുവനന്തപുരം: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി യു പി എ അധ്യക്ഷ സോണിയാ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്ന് തിരുവനന്തപുരത്തെത്തുന്ന സോണിയാ ഗാന്ധി യു ഡി എഫിലെ ഘടകകക്ഷി നേതാക്കളുമായി രാജ്ഭവനില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തുക.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മുന്നണിയെ സജ്ജമാക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ലക്ഷ്യമിടുന്നത്. യു ഡി എഫിലെ സംഘടനാ പ്രശ്‌നങ്ങള്‍, സര്‍ക്കാറിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടങ്ങിയവ ഈ കൂടിക്കാഴ്ചയിലൂടെ പരിഹരിക്കപ്പെടുമെന്നാണ് യു ഡി എഫ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.
സോണിയാ ഗാന്ധിയുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം യു ഡി എഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിന് തയാറെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാനത്തുടനീളം കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് പാര്‍ട്ടി സംവിധാനങ്ങളെ സജ്ജമാക്കി വരികയാണ്. വിവിധ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിലൂടെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥതിഗതികള്‍ സോണിയാ ഗാന്ധിയെ ബോധ്യപ്പെടുത്തുമെന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. സോണിയയുടെ കേരള സന്ദര്‍ശനം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കാന്‍ മാത്രമാണ്. എന്നാല്‍ ഘടകകക്ഷി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാനും യു ഡി എഫ് ശക്തിപ്പെടുത്താനും സോണിയ പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന സോണിയ വൈകീട്ട് 3.50ന് നെയ്യാര്‍ ഡാമില്‍ രാജിവ് ഗാന്ധി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ട്രെയിനിംഗ് കം റിസര്‍ച്ച് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. 4.55ന് തിരുവനന്തപുരം നഗരത്തിലെ പാളയത്ത് മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സെനറ്റ് ഹാളിലെ സമ്മേളനത്തില്‍ പങ്കെടുക്കും. വൈകീട്ട് 5.45ന് സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കിരണം പദ്ധതി കനകക്കുന്ന് കൊട്ടാരത്തില്‍ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 11.45ന് “ഭൂരഹിതരില്ലാത്ത കേരളം” പദ്ധതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സോണിയ ഉദ്ഘാടനം ചെയ്യും. 12.45ന് ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിന് സമീപം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ രണ്ടാം ക്യാമ്പസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. ഉച്ചക്കു ശേഷം 1.40ന് പ്രത്യേക വിമാനത്തില്‍ മൈസൂരിലേക്ക് പോകും. സോണിയാ ഗാന്ധിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവുമുണ്ടാകും. അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് സോണിയാ ഗാന്ധി കേരളത്തിലെത്തുന്നതെന്നതിനാല്‍ ഇതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കേണ്ടതില്ലെന്നും പാര്‍ട്ടിയില്‍ നിന്ന് ഈടാക്കണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Latest