Connect with us

Kerala

വി എസിന്റെ ചെയ്തികള്‍ അച്ചടക്ക നടപടി അര്‍ഹിക്കുന്നതെന്ന് വിമര്‍ശം

Published

|

Last Updated

തിരുവനന്തപുരം: സംഘടനാപരമായ അച്ചടക്ക നടപടിക്ക് വിധേയനാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ വി എസ് അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശം. പാര്‍ട്ടിനേതാക്കളെ അപകീര്‍ത്തിപ്പെടുത്തുകയും പാര്‍ട്ടിനിലപാടുകളെ തള്ളിക്കളയുകയും ചെയ്യുന്ന നടപടികള്‍ വി എസ് നിരന്തരം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിനായി ഹീനമാര്‍ഗങ്ങള്‍ ഉപയോഗിച്ചുവെന്നും പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ കുറ്റപ്പെടുത്തി.
പി ബി കമ്മീഷന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഔദ്യോഗിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ വി എസിനെതിരെ ശക്തമായ കടന്നാക്രമണം ഉണ്ടായത്.
വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിമര്‍ശം. ആദ്യം സംസാരിച്ച പിണറായി വിജയന്‍ നടപടിക്ക് വഴിയൊരുക്കുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സംസാരിച്ചത്. സംസ്ഥാന സമിതി അംഗീകരിച്ച് കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുത്ത പി കരുണാകരന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും മറ്റും പിണറായി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും സമാനമായ വിമര്‍ശങ്ങളാണ് ഉയര്‍ന്നത്. ലാവ്‌ലിന്‍, ടി പി കേസുകളില്‍ പാര്‍്ട്ടിയെ ഒറ്റപ്പെടുത്തുകയും പ്രതിരോധത്തിലാക്കുകയും ചെയ്യുന്ന നിലപാടുകള്‍ ഉണ്ടായി. കേന്ദ്ര കമ്മിറ്റിയുടെയും മറ്റും ഇടപെടലുകളുടെ ഫലമായി ചില പ്രസ്താവനകള്‍ തിരുത്തിയതൊഴിച്ചാല്‍ നിലപാടുകള്‍ മാറ്റാന്‍ വി എസ് തയ്യാറായിട്ടില്ല. പലപ്പോഴും പാര്‍ട്ടിശത്രുക്കള്‍ക്ക് സഹായകരമായ നിലപാടുകള്‍ സ്വീകരിച്ചു, തുടങ്ങിയ വിമര്‍ശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. നയവ്യതിയാനം ഉള്‍പ്പടെ പി ബി കമ്മീഷനു മുമ്പാകെ വി എസ് ഉന്നയിച്ച ആരോപണങ്ങള്‍ പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ തീവ്ര ഇടതുപക്ഷ നിലപാടുകള്‍ സ്വീകരിച്ചവരാണ്. ഘടക കക്ഷികള്‍ മുന്നണിവിട്ടതിനു കാരണക്കാര്‍ അവര്‍ തന്നെയാണെന്നും മുന്നണി താത്പര്യത്തിനു വിരുദ്ധമായ നിലപാട് പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ലെന്നും പിണറായി വിശദീകരിച്ചു.
സെക്രട്ടേറിയറ്റ് യോഗം ഇന്നും തുടരും. ഇന്ന് ഉച്ചക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കും. അതേസമയം, രൂക്ഷമായ വിമര്‍ശം ഉണ്ടായെങ്കിലും വി എസിനെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു നീക്കണമെന്ന രീതിയിലുള്ള ആവശ്യം ചര്‍ച്ചയില്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കണമെന്ന മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കേണ്ടെന്ന് ഔദ്യോഗികപക്ഷം നേരത്തേ ധാരണയില്‍ എത്തിയതായി സൂചനയുണ്ട്. ശക്തമായ വിമര്‍ശത്തിലൂടെ വി എസിനെ ഒരു തെറ്റുതിരുത്തല്‍ നടപടിയിലേക്ക് നയിക്കാന്‍ ആവശ്യമായ സമ്മര്‍ദം കേന്ദ്ര നേതൃത്വത്തില്‍ സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.