Connect with us

National

കുനാല്‍ ഘോഷ് എം പിയെ തൃണമൂല്‍ സസ്‌പെന്‍ഡ് ചെയ്തു

Published

|

Last Updated

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായ കുനാല്‍ ഘോഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഘോഷിന് നിരവധി തവണ മുന്നറിയിപ്പ് നല്‍കുകയും കാരണം കാണിക്കല്‍ നോട്ടീസ് കൈമാറുകയും ചെയ്തിട്ടും വീണ്ടും പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതാണ് നടപടിക്ക് കാരണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
തിരക്കുപിടിച്ച് എടുത്ത തീരുമാനമാണ് ഇതെന്നും “വിചാരണ കൂടാതെ ശിക്ഷിച്ചു”വെന്നുമാണ് സസ്‌പെന്‍ഷന്‍ വാര്‍ത്തയോട് ഘോഷ് പ്രതികരിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തന്നെ അകറ്റാന്‍ വേണ്ടി ചില നേതാക്കള്‍ ധൃതികൂട്ടി നടപടിയെടുക്കുകയാണുണ്ടായത്. എന്നാല്‍, എല്ലാ കാര്യങ്ങളെ സംബന്ധിച്ചും താന്‍ ബോധവാനല്ല. അതിനാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. കുനാല്‍ ഘോഷ് പറഞ്ഞു. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വിമത എം എല്‍ എക്കെതിരെയും നടപടിയെടുത്തിരുന്നു. സംസ്ഥാനത്തെ ഞെട്ടിച്ച ശാരദാ ചിട്ടി കുംഭകോണത്തില്‍ അന്വേഷണം വേണമെന്നാണ് ഘോഷ് ആവശ്യപ്പെട്ടത്. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ഘോഷിനെ കൂടാതെ ശതാബ്ദി റോയ്, തപസ് പാല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് നേതാക്കള്‍ക്കുമെതിരെ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശതാബ്ദി റോയിയും തപസ് പാലും മാപ്പ് പറഞ്ഞു. എന്നാല്‍ ഘോഷ് ഇതുവരെ നോട്ടീസിന് മറുപടി നല്‍കിയിട്ടില്ല. പാര്‍ട്ടിക്ക് പുറത്തുള്ള കമ്മീഷന്‍ ചിട്ടി കുംഭകോണം അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ശാരദ ചിട്ടിക്കമ്പനി കുംഭകോണത്തില്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നതിനാല്‍, ഘോഷിന്റെ നിലപാട് തൃണമൂലിനെ ഞെട്ടിച്ചിരുന്നു.

Latest