ഗ്രീക്ക് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു

Posted on: September 29, 2013 1:16 am | Last updated: September 29, 2013 at 1:16 am

greeceആതന്‍സ്: ഗ്രീസില്‍ ഗോള്‍ഡന്‍ ഡോന്‍ പാര്‍ട്ടിയുടെ വക്താവിനേയും നേതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘടനയുടെ സ്ഥാപകരെന്ന ആരോപണത്തെത്തുടര്‍ന്നാണ് അറസ്റ്റ്. ഇവരെക്കൂടാതെ 12ഓളം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പാര്‍ലിമെന്റ് അംഗങ്ങള്‍ക്കുമെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഗോള്‍ഡന്‍ ഡോന്‍ അനുഭാവിയെന്ന് അവകാശപ്പെടുന്നയാള്‍ വലതുപക്ഷ തീവ്രവാദ വിരുദ്ധനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.
ഈ മാസം 17ന് പാവ്‌ലോസ് ഫിസ്സാസ് എന്നയാള്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധം തലസ്ഥാനത്ത് അക്രമത്തില്‍ കലാശിച്ചിരുന്നു. ഗോള്‍ഡന്‍ ഡോന്‍ പാര്‍ട്ടിയുടെ സെക്രട്ടറി ജനറല്‍ നിക്കോളോസ് മിഹാലോലിക്കോസ് വക്താവ് ലിആസ് കാസിദിയാറിസിനേയുമാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗ്രീസിലെ ജനപിന്തുണയുള്ള മൂന്നാമത്തെ വലിയ പാര്‍ട്ടിയെന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ തെളിയിച്ച ഡോള്‍ഡന്‍ ഡോന്‍ പാര്‍ട്ടി ആരോപണങ്ങള്‍ നിഷേധിച്ചു. നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാര്‍ലിമെന്റിലെ 18 അംഗങ്ങളേയും പിന്‍വലിക്കുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.