Connect with us

Editorial

വൈകിയുദിച്ച വിവേകം

Published

|

Last Updated

ക്രിമിനല്‍വത്കരണത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തെ മുക്തമാക്കുന്നതിന് രാജ്യത്തെ പരമോന്നത കോടതി പുറപ്പെടുവിച്ച ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് വിളംബരം ചെയ്ത കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ രോഷപ്രകടനം നടത്തിയതിലൂടെ എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രദ്ധയാകര്‍ഷിച്ചിരിക്കയാണ്. രാഷ്ട്രീയ നാടകമെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ നടപടി പാര്‍ട്ടിക്ക് അനിവാര്യവും ചെന്നുപെട്ട ധാര്‍മിക ച്യുതിയില്‍ നിന്ന് സര്‍ക്കാരിനെ രക്ഷപ്പെടുത്താനും ലക്ഷ്യം വെച്ചുള്ളതാണ്. വിവാദ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഒപ്പ് വെക്കില്ലെന്ന് ഉറപ്പായതോടെയാണ് ഈ കരണം മറിച്ചിലെന്ന ആരോപണത്തില്‍ കഴമ്പില്ലാതെയില്ല. എന്നാല്‍ യു പി എ എന്ന ഭരണ സഖ്യത്തില്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഉന്നത നേതാവ് തന്നെ പരസ്യമായി രൂക്ഷ വിമര്‍ശം എയ്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ ഇകഴ്ത്തിയായിപ്പോയി എന്ന ആരോപണം ചില രാഷ്ട്രീയ നേതാക്കളെങ്കിലും ഉന്നയിച്ചു കഴിഞ്ഞു. മന്ത്രിസഭാംഗമല്ലാത്ത രാഹുല്‍ നേരത്തെ തന്നെ കാബിനറ്റ് തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി തനിക്കെഴുതിയിരുന്നുവെന്നും ഇക്കാര്യത്തില്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയാല്‍ തീരുമാനം കൈക്കൊള്ളുമെന്നുമുള്ള മന്‍മോഹന്‍സിംഗിന്റെ പ്രതികരണം വിവാദമൊഴിവാക്കാനുദ്ദേശിച്ചുള്ളതാണ്. രാഷ്ട്രപതി പ്രണാബിന് കൂടി വിയോജിപ്പുണ്ടെന്ന് വാര്‍ത്തകള്‍ പരന്ന സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് ചവറ്റുകൊട്ടയിലേക്കെറിയാതിരിക്കാന്‍ യു പി എക്കാകില്ല.
രാഷ്ട്രീയത്തെ കുറ്റവാളികളില്‍ നിന്ന് മോചിപ്പിക്കുന്നതിന് പരേമോന്നത നീതിപീഠം തുടങ്ങിവെച്ച നീക്കങ്ങളെ അട്ടിമറിക്കുന്നതായിരുന്നു ഓര്‍ഡിനന്‍സ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെടുന്ന എം പിമാരെയും എം എല്‍ എമാരെയും ഉടന്‍ അയോഗ്യരാക്കുന്നതായിരുന്നു ചരിത്രപ്രധാന വിധി. അയോഗ്യര്‍ക്ക് പരിരക്ഷ നല്‍കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4)വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു മേല്‍ക്കോടതി വിധി. ഇത്തരം കുറ്റവാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ വിധി സ്വാഗതം ചെയ്യപ്പെടേണ്ടതിനു പകരം ഇതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൈകോര്‍ക്കുകയാണ് ചെയ്തത്. ബി ജെ പി ഉള്‍പ്പെടെ മിക്ക പ്രതിപക്ഷ കക്ഷികളുടെയും പിന്തുണ പ്രതീക്ഷിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മലക്കം മറിയുകയായിരുന്നു തിരഞ്ഞെടുപ്പ് ഗോദയില്‍ ക്രിമിനലുകളെ പരീക്ഷിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ബി ജെ പി. എന്നാല്‍ ഈ ഉദ്യമത്തില്‍ ചെറുകിട പാര്‍ട്ടികളെയും പാര്‍ട്ടിക്കുള്ളിലെ കളങ്കിതരെയും തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ടന്നത് കാണാതിരിക്കാനാകില്ല. ഒപ്പം രാഹുലിലൂടെ പ്രതിസന്ധി മറികടക്കാനുമായി. രാഹുലിന്റെ അപക്വമായ ഇടപെടലായി കുറ്റപ്പെടുത്തുന്നവര്‍ക്ക് രാഷ്ട്രീയ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അഭ്യാസമായി കണ്ടാല്‍ മതിയെന്ന മറുപടിയാണ് പാര്‍ട്ടി നേതൃത്വം മുന്നോട്ട് വെക്കുന്നത്. പ്രണാബ് മുഖര്‍ജി ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കില്ലെന്ന് ഉറപ്പായതോടെയാണ് ബി ജെ പി രാഷ്ട്രീയം കളിച്ചത്. കോണ്‍ഗ്രസിനും യു പി എക്കും അധാര്‍മികതയുടെ ചെളിയേറും വിമര്‍ശവും ഏറ്റുവാങ്ങേണ്ടി വന്നതോടെ രാഹുലിന് രാഷ്ട്രീയ അഭ്യാസത്തിനിറങ്ങേണ്ടിവന്നതും ജനാധിപത്യ ഭാവിയിലും രാഷ്ട്രീയ ധാര്‍മികതയിലും വിശ്വസിക്കുന്നിവര്‍ക്കും രാഷ്ട്രീയ സംശുദ്ധി പുലര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഒരു നിലക്കും അംഗീകരിക്കാനാകാത്തതാണ് ഈ ഓര്‍ഡിനന്‍സ്, പാര്‍ലിമെന്റ് സമ്മേളിച്ച ശേഷം അടിയന്തര ഘട്ടത്തില്‍ മാത്രമേ ഓര്‍ഡിനന്‍സിന് ഭരണഘടന തന്നെ അനുവാദം നല്‍കുന്നുള്ളൂ. വിചാരണക്കോടതിയുടെ ശിക്ഷക്കെതിരെ മൂന്ന് മാസത്തിനകം മേല്‍ക്കോടതി അപ്പീല്‍ സ്വീകരിച്ചാല്‍ പ്രതിനിധികള്‍ അയോഗ്യരാകില്ല എന്നാണ് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ അയോഗ്യരാക്കപ്പെടുന്ന രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് പുതിയ ഓര്‍ഡിനന്‍സ്. ബീഹാറില്‍ ലാലുപ്രസാദ് യാദവുമായി ചങ്ങാത്തം സ്ഥാപിക്കാനുള്ള ശ്രമത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിലൂടെ അദ്ദേഹത്തെയും ഒപ്പം പാര്‍ട്ടിക്കുള്ളിലെ കളങ്കിതരെയും തൃപ്തിപ്പെടുത്താനും രാഹുലിന്റെ അഭ്യാസത്തിലൂടെ പഴി ഒഴിവാക്കാനുമായതില്‍ ആശ്വസിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയവും പൊതുമേഖലയും അഴിമതിയുടെ കൂത്തരങ്ങാകുമ്പോഴും കൊലപാതകികളും ബലാല്‍സംഗ വീരന്മാരും രാഷ്ട്രീയം കൈയടക്കുമ്പോഴും മാത്രമല്ല, രാഷ്ട്രീയ തണലില്‍ ഏത് കുറ്റകൃത്യവും അനുവദനീയമാകുന്ന രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുക കൂടിചെയ്യുമ്പോഴാണ് സുപ്രീം കോടതി വിധി പ്രസക്തമാകുന്നത്. രാജ്യത്തെ ആകെയുള്ള ജനപ്രതിനിധികളില്‍ 30 ശതമാനമെങ്കിലും ക്രിമിനലുകളാണെന്നത് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഊറ്റം കൊള്ളുന്ന ഇന്ത്യക്ക് അപമാനകരമാണ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ക്രിമിനലുകളെ രാഷ്ട്രീയത്തില്‍ നിന്ന് അന്യം നിര്‍ത്താന്‍ ന്യായാസനം ഉണര്‍ന്നത്. രാഹുലിനെ പോലുള്ള യുവരാഷ്ട്രീയ നേതാക്കള്‍ ഈ വിപത്തിനെ തിരിച്ചറിയാന്‍ വൈകിയാണെങ്കിലും വിവേകം കാണിച്ചത് പ്രതീക്ഷാജനകമാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ക്രിമിനലുകളെ അന്യം നിര്‍ത്തി സംശുദ്ധരാഷ്ട്രീയ പാരമ്പര്യമുള്ള ജനസേവകരെ പുണരുകയാണ് കാലഘട്ടത്തിന്റെ ആവശ്യം . നിഷേധ വോട്ടുകള്‍ക്ക് കൂടി അനുമതി ലഭിച്ചിരിക്കെ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളെ നിരാകരിക്കാനുള്ള പക്വതയും ജനാധിപത്യ ഇന്ത്യ കാണിക്കണം.